സമകാലീന ക്രിക്കറ്റിൽ കോഹ്‍ലിയെ പോലെ പ്രതിഭകൊണ്ട് ഇത്രയധികം വാർത്തകളിൽ ഇടംപിടിച്ച മറ്റൊരു ക്രിക്കറ്റ് താരം ഉണ്ടാകില്ല. 2018ൽ ഇതിഹാസങ്ങളുടെ പല റെക്കോർഡുകളും കോഹ്‍ലി തിരുത്തുകയും പുതിയ റെക്കോർഡുകൾ തന്റെ പേരിൽ എഴുതുകയും ചെയ്തു. മൂന്ന് ഫോർമാറ്റുകളിലും ഒരേപോലെ തിളങ്ങാൻ സാധിച്ച താരമാണ് കോഹ്‍ലി. ഇന്ത്യൻ നായകന്റെ ഈ മികവിനെ പ്രസംസിച്ചിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസം രാഹുൽ ദ്രാവിഡ്.

“ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ സാധിച്ചില്ലെങ്കിൽ മറ്റ് രണ്ട് ഫോർമാറ്റുകൾ കൂടിയുണ്ട്. ടി20യെയും ഏകദിനത്തെയും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ വിരാട് കോഹ്‍ലിയെ പോലുള്ള താരങ്ങൾ മൂന്ന് ഫോർമാറ്റിലും മികവ് പുലർത്താൻ കഴിവുള്ളവരാണ്. അത് അത്ര എളുപ്പമല്ല. എല്ലാവർക്കും ആ നേട്ടത്തിലെത്താനും പറ്റില്ല, ” ദ്രാവിഡ് പറഞ്ഞു.

എന്നാൽ ടെസ്റ്റ് ക്രിക്കറ്റാണ് ഏറ്റവും ബുദ്ധിമുട്ടേറിയ ഫോർമാറ്റെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. അതുകൊണ്ട് തന്നെ യുവതാരങ്ങളോട് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ അവശ്യപ്പെടാറുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു. അണ്ടർ 19 ടീമിന് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകനാണ് രാഹുൽ ദ്രാവിഡ് ഇപ്പോൾ.

ഓസ്ട്രേലിയയ്ക്കെതിരായി മെൽബണിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി. ഓസിസ് മണ്ണിലെ ഇന്ത്യയുടെ ആദ്യ പരമ്പര നേട്ടമെന്ന ഭാരവുമായാണ് കോഹ്‍ലിയും സംഘവും ഓസ്ട്രേലിയയിൽ എത്തിയിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ