ആരാധകനോട് ഇന്ത്യ വിട്ടു പോകൂവെന്ന് പറഞ്ഞ വിരാട് കോഹ്‌ലിയുടെ വാക്കുകൾ തൊടുത്തുവിട്ടത് ചെറിയ വിവാദമൊന്നുമല്ല. ഇന്ത്യൻ നായകനെ വിമർശിച്ചും അനകൂലിച്ചും പ്രതികരണങ്ങൾ ഉണ്ടായി. കായികലോകത്തുനിന്നും കോഹ്‌ലിയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. ഇപ്പോഴിതാ അഞ്ചു തവണ ലോകചാംപ്യനായ വിശ്വനാഥൻ ആനന്ദും കോഹ്‌ലിയുടെ തുണയ്ക്കെത്തിയിരിക്കുന്നു.

വികാരത്താൽ നിയന്ത്രണം നഷ്ടപ്പെട്ടതുകൊണ്ടാണ് കോഹ്‌ലി അങ്ങനെ പറഞ്ഞതെന്നാണ് ആനന്ദിന്റെ വാക്കുകൾ. ”കോഹ്‌ലിയുടെ നിയന്ത്രണം വിട്ടപ്പോഴാണ് അങ്ങനെ പറഞ്ഞതെന്നാണ് ഞാൻ കരുതുന്നത്. അയാൾ വികാരഭരിതനായപ്പോൾ മനസ്സിൽ ആദ്യം വന്നത് പറഞ്ഞുപോയതാണ്,” ആനന്ദ് പിടിഐയോട് പറഞ്ഞു. കോഹ്‌ലിയുടെ സ്വഭാവം ഇതാണ്. കായികരംഗത്ത് പല തരത്തിലുളള സ്വഭാവക്കാരുണ്ടെന്നും ആനന്ദ് പറഞ്ഞു.

”ആരാധകന്റെ വാക്കുകൾ കേട്ടപ്പോൾ പെട്ടെന്ന് കോഹ്‌ലിക്ക് ദേഷ്യം വന്നിരിക്കാം. ചിലപ്പോൾ കോഹ്‌ലി ആ സമയത്ത് നല്ല മൂഡിലും ആയിരുന്നിരിക്കില്ല. അപ്പോൾ നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ചിരിക്കാം. ചില സമയത്ത് പലരും നിയന്ത്രണം നഷ്ടപ്പെട്ട് പൊട്ടിത്തെറിക്കാറുണ്ട്. ഇത് എനിക്കും സംഭവിച്ചിട്ടുണ്ട്. നമ്മുടെ ഇമോഷൻസ് നിയന്ത്രണം വിട്ടുപോകുന്ന നിമിഷങ്ങൾ എല്ലാവർക്കും ഉണ്ടാകാറുണ്ട്,” ആനന്ദ് പറഞ്ഞു.

തന്റെ ഒഫീഷ്യല്‍ ആപ്ലിക്കേഷന്റെ ഭാഗമായി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെയായിരുന്നു സംഭവം. ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലെന്ന് പറഞ്ഞ ആരാധകനോട് പിന്നെന്തിന് ഇന്ത്യയില്‍ ജീവിക്കണം പുറത്ത് പോകൂ എന്നായിരുന്നു കോഹ്‌ലിയുടെ മറുപടി. ഇതാണ് വിവാദമായി മാറിയത്.

കോഹ്‌ലിക്ക് അമിത പ്രാധാന്യമാണ് ക്രിക്കറ്റ് ലോകം നല്‍കുന്നതെന്നും, നിങ്ങളേക്കാള്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകളിലെ താരങ്ങളുടെ ബാറ്റിങ്ങാണ് ഞാന്‍ കാണാറെന്നും ക്രിക്കറ്റ് ആരാധകന്‍ പറഞ്ഞു. ഇതാണ് കോഹ്‌ലിയെ പ്രകോപിപ്പിച്ചത്, താങ്കള്‍ക്ക് എന്നാല്‍ ആ രാജ്യങ്ങളില്‍ പോയി ജീവിക്കാമായിരുന്നില്ലേ എന്നായിരുന്നു കോഹ്‌ലിയുടെ മറുപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook