ക്രിക്കറ്റ് ആരാധകർക്ക് ആവേശമേകാൻ ഐപിഎൽ പൂരത്തിനു സെപ്‌റ്റംബർ 19 നു കൊടിയേറും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ യുഎഇയിലാണ് ഇത്തവണ ഐപിഎൽ മത്സരങ്ങൾ. എല്ലാ ടീമുകളും യുഎഇയിലെത്തി. ആറ് മാസത്തോളമായി വീടുകളിൽ ആയിരുന്ന താരങ്ങൾ പഴയ ഫോമിലേക്ക് എത്താൻ കഠിനപ്രയത്‌നമാണ് നടത്തുന്നത്. സാധാരണയേക്കാൾ കൂടുതൽ സമയം പരിശീലനത്തിനു ചെലവഴിച്ചാണ് താരങ്ങൾ ഫിറ്റ്‌നസ് വീണ്ടെടുക്കാൻ ശ്രമിക്കുന്നത്. അതിൽ എടുത്തുപറയേണ്ട താരം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെയും നായകനായ കോഹ്‌ലിയാണ്.

കോഹ്‌ലിയുടെ പരിശീലന വീഡിയോ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പുറത്തുവിട്ടു. നെറ്റ്‌സിൽ വിശ്രമമില്ലാതെ ബാറ്റ് വീശുകയാണ് താരം. ഏറെ പ്രയാസപ്പെട്ടാണ് ക്രിക്കറ്റ് ട്രാക്കിലേക്ക് തിരിച്ചെത്തിയതെന്ന് കോഹ്‌ലി വീഡിയോയിൽ പറയുന്നുണ്ട്. കോവിഡ് പ്രതിസന്ധി മൂലം പരിശീലനമെല്ലാം നിർത്തിവച്ചിട്ട് അഞ്ച് മാസം കഴിഞ്ഞിരുന്നു. കുറേ നാളുകൾക്ക് ശേഷം ഇപ്പോഴാണ് കോഹ്‌ലി അടക്കമുള്ള താരങ്ങൾ ദീർഘനേരം പരിശീലനം നടത്തുന്നത്.

Read Also: IPL 2020 Schedule: ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മിൽ; ഐപിഎൽ മത്സരക്രമം പ്രഖ്യാപിച്ചു

പരിശീലനത്തിന്റെ ആദ്യത്തെ കുറച്ച് ദിവസങ്ങൾ ഏറെ പ്രായസപ്പെട്ടു എന്ന് കോഹ്‌ലി പറയുന്നു. “അഞ്ച് മാസങ്ങൾക്ക് ശേഷം പഴയ രീതിയിലേക്ക് എത്തുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. വീണ്ടും പഴയപോലെ ആകാൻ കുറച്ച് സമയമെടുത്തു. പേശികളെല്ലാം ഉറങ്ങികിടക്കുകയായിരുന്നു. പരിശീലനം തുടങ്ങിയ സമയത്ത് തോളുകളിൽ ഏറെ ബുദ്ധിമുട്ട് തോന്നിയിരുന്നു,” കോഹ്‌ലി പറഞ്ഞു.

വളരെ നിയന്ത്രണത്തോടെയും മുൻപൊന്നും കാണാത്ത വിധം അതിയായ ആഗ്രഹത്തോടെയുമാണ് കോഹ്‌ലി ഇപ്പോൾ നെറ്റ്‌സിൽ പരിശീലനം നടത്തുന്നതെന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പറയുന്നു. ആർസിബിയുടെ തന്നെ വിവിധ ബോളർമാരെ ഒരു ദാക്ഷിണ്യവും കൂടാതെ അടിച്ചുപറത്തുന്ന കോഹ്‌ലിയെയും വീഡിയോയിൽ കാണാം.

ഇത്തവണ സെപ്റ്റംബർ 21 നാണ് ബാംഗ്ലൂരിന്റെ ആദ്യ മത്സരം. സൺറെെസേഴ്‌സ് ഹെെദരാബാദാണ് എതിരാളികൾ. ഏറെ പേരുകേട്ട താരങ്ങളുണ്ടായിട്ടും ഇതുവരെ ഒരിക്കൽ പോലും കിരീടം നേടാത്ത ടീം ആണ് കോഹ്‌ലിയുടെ ആർസിബി. ഡിവില്ലിയേഴ്‌സും കോഹ്‌ലിയും അടങ്ങുന്ന ബാറ്റിങ് നിരയാണ് ബാംഗ്ലൂരിന്റെ കരുത്ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook