ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരായിരുന്നു ഇന്നലെ ഏറ്റുമുട്ടിയത്. വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സും. തുടര്‍ പരാജയങ്ങളില്‍ കുടുങ്ങികിടന്നിരുന്ന രണ്ട് ടീമുകള്‍ക്കും ജയം അത്യാവശ്യമായിരുന്നു. ഒടുവില്‍ കളിയവസാനിച്ചപ്പോള്‍ ജയം മുംബൈ ഇന്ത്യന്‍സിന്. മൂന്ന് മത്സരങ്ങളുടെ തോല്‍വികള്‍ക്ക് വിരോചിതമായി തന്നെ രോഹിതും സംഘവും മറുപടി നല്‍കി. എന്നാല്‍ മറുവശത്ത് വീണ്ടും പരാജയം രുചിച്ച വിരാട് കോഹ്ലിയ്ക്ക് രോക്ഷം അടക്കി വെക്കാന്‍ സാധിച്ചിരുന്നില്ല.

മത്സരത്തിനിടെയും വിരാട് പൊട്ടിത്തെറിക്കുകയുണ്ടായി. കളി കൈവിട്ട് പോകുന്നത് കണ്ട നായകന്റെ രോക്ഷമായിരുന്നു അത്. മുംബൈ ഇന്ത്യന്‍സിന്റെ 19ാം ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പുറത്താകലിനെ ചൊല്ലിയായിരുന്നു വിരാട് അമ്പയര്‍മാരോട് കയര്‍ത്തത്. ക്രിസ് വോക്‌സിന്റെ പന്തില്‍ ഹാര്‍ദ്ദിക് ഔട്ടാവുകയും എന്നാല്‍ റിവ്യുവില്‍ താരം നോട്ട് ഔട്ടാണെന്ന് വിധിക്കപ്പെട്ടതുമാണ് നായകനെ ചൊടിപ്പിച്ചത്.

പാണ്ഡ്യയുടെ ബാറ്റില്‍ ഉരസി പിന്നോട് പോയ പന്ത് കീപ്പര്‍ ഡി കോക്ക് പിടിയിലൊതുക്കുകയായിരുന്നു. അമ്പയര്‍മാര്‍ ഔട്ടും വിളിച്ചു. എന്നാല്‍ ഹാര്‍ദ്ദിക് റിവ്യു വിളിക്കുകയായിരുന്നു. തുടര്‍ന്ന് റിപ്ലേകളില്‍ നിന്നും ഹാര്‍ദ്ദിക് നോട്ട് ഔട്ടാണെന്ന തീരുമാനത്തില്‍ തേര്‍ഡ് അമ്പയര്‍ എത്തുകയായിരുന്നു. പക്ഷെ പാണ്ഡ്യയുടെ ബാറ്റില്‍ പന്ത് ഉരസിയെന്ന് സംശയം അപ്പോഴും ബാക്കിയായിരുന്നു. ഇതാണ് വിരാടിനെ ചൊടിപ്പിച്ചത്. തന്റെ ദേഷ്യം ഫീല്‍ഡ് അമ്പയര്‍മാരെ വിരാട് അറിയിക്കുകയും ചെയ്തു.

അതേസമയം, കരുത്തരായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 46 റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ തങ്ങളുടെ ആദ്യ വിജയം ആഘോഷിച്ചത്. രോഹിത് ശര്‍മ്മയാണ് കളിയിലെ താരം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കും മുന്‍പ് സൂര്യകുമാര്‍ യാദവും, ഇഷാന്‍ കിഷനെയും ഉമേഷ് യാദവ് കൂടാരം കയറ്റിയിരുന്നു. എന്നാല്‍ പിന്നാലെ ക്രീസില്‍ എത്തിയ രോഹിത് ശര്‍മ്മ ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയായിരുന്നു. 65 റണ്‍സ് എടുത്ത ഇവാന്‍ ലൂയിസിനെ കൂട്ടുപിടിച്ചായിരുന്നു രോഹിത്തിന്റെ രക്ഷാപ്രവര്‍ത്തനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ