ഹാമിൽട്ടൺ: ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിന മത്സരം പരാജയപ്പെട്ടെങ്കിലും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഇന്നും തിളങ്ങി. ഹാമിൽട്ടണിൽ നടന്ന ആദ്യ ഏകദിന മത്സരത്തിൽ അർധസെഞ്ചുറി പ്രകടനവുമായി ഇന്ത്യൻ ഇന്നിങ്സിൽ നിർണായക പങ്കുവഹിച്ച കോഹ്‌ലി ന്യൂസിലൻഡ് ഇന്നിങ്സിൽ കാണികളുടെ കയ്യടി നേടിയത് തകർപ്പൻ റൺ ഔട്ടിലൂടെയായിരുന്നു. കിവികളെ ജയത്തിലേക്ക് നയിച്ച മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് തകർത്തായിരുന്നു കോഹ്‌ലിയുടെ റൺഔട്ട്.

78 റൺസുമായി ന്യൂസിലൻഡ് മുൻനിരയിൽ തിളങ്ങിയ നിക്കോൾസിനെയാണ് കോഹ്‌ലി തകർപ്പൻ റൺഔട്ടിലൂടെ പുറത്താക്കിയത്. തുടർച്ചയായ രണ്ട് വിക്കറ്റ് വീണതിന് പിന്നാലെ റോസ് ടെയ്‌ലറിനൊപ്പം ചേർന്ന് മികച്ച കൂട്ടുകെട്ട് തീർത്ത് മുന്നേറുന്നതിനിടയിലാണ് കോഹ്‌ലി നിക്കോൾസിനെ കൂടാരം കയറ്റിയത്.

Also Read: തോൽവിയിലും തലയുയർത്തി വിരാട് കോഹ്‌ലി; ഗാംഗുലിയെയും മറികടന്ന് കുതിപ്പ്

മത്സരത്തിന്റെ 29 ഓവറിന്റെ മൂന്നാം പന്തിൽ റോസ് ടെയ്‌ലർ സിംഗിൾസിന് ശ്രമിച്ചു. നോൺ സ്ട്രൈക്ക് എൻഡിലായിരുന്ന നിക്കോൾസ് അതിവേഗം സ്ട്രൈക്ക് എൻഡിലേക്ക് കുതിച്ചു. എന്നാൽ കവറിൽ പന്ത് കൈപിടിയിലാക്കിയ കോഹ്‌ലി സ്റ്റംമ്പിന് നേരെ പാഞ്ഞു. കൃത്യമായി പന്ത് സ്റ്റംമ്പിൽ കൊള്ളിക്കാനും കോഹ്‌ലിക്ക് സാധിച്ചു.

വിക്കറ്റാണോയെന്ന കാര്യത്തിൽ അമ്പയർക്ക് സംശയമുണ്ടായെങ്കിലും കോഹ്‌ലിക്ക് അതുണ്ടായില്ല. വിധി ഫീൽഡ് അമ്പയർ തേർഡ് അമ്പയർ വിടുന്നതിന് മുമ്പ് തന്നെ കോഹ്‌ലി ആഘോഷം തുടങ്ങി. ഇത് വിരാട് കോഹ്‌ലിയാണോ ജോണ്ടി റോഡ്സ് ആണോയെന്നായിരുന്നു ഐസിസി ട്വിറ്ററിലൂടെ ചോദിച്ചത്.

Also Read: ഇതിപ്പോ എന്താ സംഭവം? സ്വന്തം വിക്കറ്റ് കണ്ട് അന്തംവിട്ടു കോഹ്‌ലി, വീഡിയോ

അതേസമയം ടി20 പരമ്പരയിലെ ആധികാരിക ജയം ഏകദിനത്തിലും ആവർത്തിക്കാമെന്ന കോഹ്‌ലിപ്പടയുടെ പ്രതീക്ഷ റോസ് ടെയ്‌ലർ തല്ലിതകർത്തു. ഹാമിൽട്ടണിൽ നടന്ന ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡ് തകർപ്പൻ ജയം സ്വന്തമാക്കുുകയായിരുന്നു. 348 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡിന് 48.1 ഓവറിൽ ലക്ഷ്യം കണ്ടു. റോസ് ടെയ്‌ലറാണ് ന്യൂസിലൻഡിന്റെ വിജയശിൽപ്പി. ടെയ്‌ലർ പുറത്താവാതെ 109 റൺസെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook