ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയെ ചൊല്ലി സോഷ്യൽ മീഡിയയിൽ തമ്മിലടി. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇഷ്ടമല്ലാത്തവർ ഇന്ത്യയിൽ ജീവിക്കരുതെന്നാണ് കോഹ്‌ലി വീഡിയോയിൽ പറഞ്ഞത്. തന്റെ 30-ാം ജന്മദിനത്തിൽ താരം ‘വിരാട് കോഹ്‌ലി ഒഫീഷ്യൽ ആപ്പ്’ പുറത്തിറക്കിയിരുന്നു. ഇതിന്റെ പ്രൊമോഷന്റെ ഭാഗമായി ആരാധകരുടെ ട്വീറ്റിന് കോഹ്‌ലി മറുപടി നൽകി. ഇതിലൊരു ട്വീറ്റിന് കോഹ്‌ലി നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ കലഹത്തിനിടയാക്കിയത്.

കോഹ്‌ലിയുടെ ബാറ്റിങ്ങിൽ സ്പെഷ്യൽ ആയി തനിക്കൊന്നും തോന്നിയിട്ടില്ലെന്നും ഇന്ത്യൻ ടീമിനെക്കാൾ ഓസ്ട്രേലിയയോ ഇംഗ്ലണ്ടിന്റെയോ കളി കാണാനാണ് തനിക്ക് ഇഷ്ടമെന്നായിരുന്നു ഒരാളുടെ കമന്റ്. ഈ അഭിപ്രായം ഇന്ത്യൻ നായകന് അത്ര പിടിച്ചില്ല. ഇതിന് നല്ല ചുട്ട മറുപടിയാണ് കോഹ്‌ലി നൽകിയത്.

”നിങ്ങൾ ഇന്ത്യയിൽ ജീവിക്കാൻ അർഹനാണെന്ന് ഞാൻ കരുതുന്നില്ല. നിങ്ങൾ ഇവിടെനിന്നും പോയി മറ്റേതെങ്കിലും രാജ്യത്ത് ജീവിക്കുകയാണ് വേണ്ടത്. ഇവിടെ ജീവിച്ചുകൊണ്ട് നിങ്ങൾ എന്തിനാണ് മറ്റു രാജ്യങ്ങളെ സ്നേഹിക്കുന്നത്?. നിങ്ങൾ എന്നെ ഇഷ്ടപ്പെടാത്തതിനെ ഞാൻ കാര്യമാക്കുന്നില്ല. പക്ഷേ സ്വന്തം രാജ്യത്തിനുപകരം മറ്റു രാജ്യത്തെ ഇഷ്ടപ്പെടുന്ന നിങ്ങൾ ഇവിടെ ജീവിക്കാൻ അർഹനല്ല”, ഇതായിരുന്നു കോഹ്‌ലി പറഞ്ഞത്.

കോഹ്‌ലിയുടെ മറുപടിയെ അനുകൂലിച്ചും വിമർശിച്ചും ട്വിറ്ററിൽ ട്വീറ്റുകളെത്തി. ഇന്ത്യൻ ക്യാപ്റ്റൻ ഒരിക്കലും ഇങ്ങനെ പറയരുതെന്നായിരുന്നു ചിലരുടെ അഭിപ്രായം. ചിലർ അനുഷ്കയുമായുളള കോഹ്‌ലിയുടെ വിവാഹത്തെ പരാമർശിച്ചാണ് ട്വീറ്റ് ചെയ്തത്. ഇന്ത്യയെ ഇഷ്ടമായിരുന്നിട്ട് പിന്നെന്തിനാണ് വിവാഹത്തിനായി കോഹ്‌ലി ഇറ്റലിയിലേക്ക് പോയതെന്നായിരുന്നു ചിലർ ചോദിച്ചത്. പക്ഷേ മറ്റു ചിലർ കോഹ്‌ലി പിന്തുണച്ച് എത്തുകയും ചെയ്തു. കോഹ്‌ലിയെപ്പോലെ അവരും ഇന്ത്യയെ ഇഷ്ടപ്പെടാത്ത ആരാധകനോട് രാജ്യം വിടാനാണ് പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook