യുഎഇ: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിക്ക് 12 ലക്ഷം രൂപ പിഴ. ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിനാണ് ബാംഗ്ലൂർ നായകന് വിനയായത്. കോഹ്ലി ഐപിഎൽ പെരുമാറ്റചട്ടം ലംഘിച്ചതായും കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് 12 ലക്ഷം പിഴ അടയ്ക്കണമെന്നും ഐപിഎൽ അധികൃതർ അറിയിച്ചു.
കിങ്സ് ഇലവൻ പഞ്ചാബിനെതിരെ ദയനീയ തോൽവിയാണ് കോഹ്ലിപ്പട ഏറ്റുവാങ്ങിയത്. അതിനു പിന്നാലെയാണ് കോഹ്ലിക്ക് പിഴയിട്ടത്.
Read Also: RCB vs KXIP: തകർന്നടിഞ്ഞ് കോഹ്ലിപ്പട; വമ്പൻ ജയവുമായി പഞ്ചാബ്
ഇന്നലെ നടന്ന മത്സരത്തിൽ 97 റൺസിനാണ് ബാംഗ്ലൂരിനെ പഞ്ചാബ് തോൽപ്പിച്ചത്. ബാറ്റിങ്ങിൽ ആർസിബി നായകൻ നിരാശപ്പെടുത്തുകയും ചെയ്തു. കോഹ്ലി ഒരു റൺസ് മാത്രമാണ് നേടിയത്. മാത്രമല്ല കോഹ്ലിയുടെ ഫീൽഡിങ് പാളിച്ചകളും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി. കിങ്സ് ഇലവൻ പഞ്ചാബ് നായകൻ കെ.എൽ.രാഹുലിന്റെ രണ്ട് ക്യാച്ചുകളാണ് തുടരെ തുടരെ കോഹ്ലി വിട്ടുകളഞ്ഞത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടിയപ്പോൾ പിന്തുടർന്ന ബാംഗ്ലൂർ 17 ഓവറിൽ 109 റൺസ് നേടി പുറത്താവുകയായിരുന്നു. ടോസ് ലഭിച്ച കോഹ്ലി പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.