ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഓരോ മൽസരം കഴിയുന്തോറും പുതിയ റെക്കോർഡുകൾ വാരിക്കൂട്ടുകയാണ്. ഏകദിന കരിയറിലെ തന്റെ 33-ാം സെഞ്ചുറിയാണ് ഡർബനിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിന മൽസരത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി നേടിയത്. സെഞ്ചുറിക്കൊപ്പം അപൂർവ്വമായൊരു റെക്കോർഡും കോഹ്‌ലി കൈപ്പിടിയിൽ ഒതുക്കിയിരുന്നു. കളിച്ച വിദേശ രാജ്യങ്ങളിലെല്ലാം സെഞ്ചുറി നേടിയ കളിക്കാരൻ എന്ന റെക്കോർഡാണ് കോഹ്‌ലി സ്വന്തം പേരിലാക്കിയത്.

സച്ചിന്‍ തെൻഡുല്‍ക്കര്‍, സനത് ജയസൂര്യ തുടങ്ങിയ മഹാരഥന്മാര്‍ക്കൊപ്പമാണ് ഇപ്പോള്‍ കോഹ്‌ലിയുടെ റെക്കോർഡ് ബുക്കിലെ സ്ഥാനം. സച്ചിനും ജയസൂര്യയും ഒമ്പത് രാജ്യങ്ങളിൽവച്ച് സെഞ്ചുറി നേടിയിട്ടുണ്ട്. എന്നാല്‍ സച്ചിന് വെസ്റ്റ് ഇന്‍ഡീസിലും ജയസൂര്യക്ക് സിംബാബ്‌വേയിലും സെഞ്ചുറി നേടാന്‍ സാധിച്ചിട്ടില്ല. അതുപോലെ തന്നെ വിരാട് കോഹ്‌ലിക്കും ഒരു രാജ്യത്ത് വച്ച് മാത്രം സെഞ്ചുറി നേടാൻ ഇതുവരെ സാധിച്ചിട്ടില്ല. അതിനുകാരണം ആ രാജ്യത്ത് ഇതുവരെ ഒരു മൽസരത്തിലും കോഹ്‌ലി കളിച്ചിട്ടില്ല. പാക്കിസ്ഥാൻ ആണ് ആ രാജ്യം.

2009 ൽ പാക്കിസ്ഥാനിൽ കളിക്കാനെത്തിയ ശ്രീലങ്കൻ ടീമിനുനേരെ ഭീകരാക്രമണം ഉണ്ടായതോടെയാണ് പാക്കിസ്ഥാനിൽ ക്രിക്കറ്റ് മൽസരം വേണ്ടെന്ന് തീരുമാനമായത്. മാത്രമല്ല ഇന്ത്യ-പാക്കിസ്ഥാൻ ബന്ധംം വഷളായതോടെ പാക്കിസ്ഥാനുമായുളള മൽസരം വേണ്ടെന്ന് ഇന്ത്യയും തീരുമാനിച്ചിരുന്നു.

പക്ഷേ സാഹചര്യം മാറി പാക്കിസ്ഥാനിൽ ക്രിക്കറ്റ് മൽസരം നടന്നാൽ അവിടെവച്ച് കോഹ്‌ലിക്ക് സെഞ്ചുറി നേടാൻ കഷ്ടപ്പെടേണ്ടി വരുമെന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് കോച്ച് മിക്കി ആർതർ പറഞ്ഞിരിക്കുന്നത്. ”കോഹ്‌ലി മികച്ച കളിക്കാരനാണ്. പക്ഷേ പാക്കിസ്ഥാനിൽ വച്ച് കോഹ്‌ലിക്ക് ഒരു സെഞ്ചുറി നേടുക ബുദ്ധിമുട്ടായിരിക്കും. ഓരോ ടീമിനെതിരെയും കോഹ്‌ലി സ്കോർ നേടുമ്പോൾ സന്തോഷം തോന്നാറുണ്ട്. കോഹ്‌ലിയുടെ ബാറ്റിങ് കാണാൻ എനിക്ക് ഇഷ്ടമാണ്. പക്ഷേ പാക്കിസ്ഥാൻ മണ്ണിൽ സെഞ്ചുറി നേടാൻ കോഹ്‌ലിയെ ഞങ്ങളുടെ ബോളർമാർ അത്ര പെട്ടെന്ന് അനുവദിക്കില്ല” ആർതർ പറഞ്ഞു.

പാക്കിസ്ഥാനിൽ മൽസരം കളിക്കാൻ ഇന്ത്യ എത്തുമെന്നാണ് പ്രതീക്ഷയെന്നും ദക്ഷിണാഫ്രിക്കക്കാരനായ ആർതർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ