സുരക്ഷാ ജീവനക്കാരെ കബളിപ്പിച്ച് മൈതാനത്തേക്ക് ചാടിക്കടന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ആരാധകന്‍ പിടിയില്‍. ന്യൂസിലാന്റിനെതിരായ മൂന്നാം ഏകദനത്തിനിടെയാണ് സംഭവം. കോഹ്ലി തന്റെ ഏകദിന കരിയറിലെ 32ാം സെഞ്ചുറി തികച്ചപ്പോഴാണ് ആരാധകന്‍ മൈതാനത്തേക്ക് ഓടിക്കയറിയത്. കോഹ്ലി എന്നെഴുതിയ ജഴ്സി അണിഞ്ഞ ഇയാള്‍ ബാറ്റ് ചെയ്യുകയായിരുന്ന കോഹ്ലിക്ക് നേരെ ഓടിയെങ്കിലും അമ്പയര്‍ തടയുകയായിരുന്നു. താന്‍ ഇന്ത്യന്‍ നായകനെ അഭിനന്ദിക്കാനാണ് മൈതാനത്ത് പ്രവേശിച്ചതെന്നും ഇയാള്‍ പറഞ്ഞു.

സുരക്ഷാ ജീവനക്കാര്‍ ഇയാളെ പുറത്തേക്ക് കൊണ്ടു പോകുമ്പോള്‍ മത്സരം തടസ്സപ്പെടുത്തിയ ഇയാള്‍ക്ക് നേരെ കാണികള്‍ ആര്‍ത്തുവിളിച്ചു. ഇയാളെ പിന്നീട് പൊലീസിന് കൈമാറി. ഇത് ആദ്യമായല്ല കാണികള്‍ താരങ്ങളോട് സ്നേഹം പ്രകടിപ്പിക്കാനായി മൈതാനത്ത് കടക്കുന്നത്.

96 പന്തുകളിൽ നിന്നാണ് വിരാട് കോഹ്‌ലി ഇന്ന് സെഞ്ചുറി നേടിയത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ​ അതിവേഗം 9000 റൺസ് നേടുന്ന താരമെന്ന നേട്ടം വിരാട് കോഹ്‌ലി സ്വന്തമാക്കി. 194 ഇന്നിങ്ങ്സിൽ നിന്നാണ് വിരാട് കോഹ്‌ലി 9000 റൺസ് പിന്നിടുന്നത്.

ദക്ഷിണാഫ്രിക്കൻ താരം എ. ബി ഡിവില്ലിയേഴ്സിന്റെ പേരിലുള്ള ലോകറെക്കോഡാണ് വിരാട് കോഹ്‌ലി മറികടന്നത്. 205 ഇന്നിങ്ങ്സുകളിൽ നിന്നാണ് ഡിവില്ലിയേഴ്സ് 9000 റൺസ് ക്ലബിൽ എത്തിയത്.

8 ഫോറുകളും 1 സിക്സറും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്ങ്സ്. നേരത്തെ രോഹിത്ത് ശർമ്മയും സെഞ്ചുറി നേടിയിരുന്നു. 147 റൺസാണ് രോഹിത്ത് നേടിയത്. രോഹിത്തിന്റെ 15 ആം ഏകദിന സെഞ്ചുറിയും ന്യൂസിലാൻഡിനെതിരായ ആദ്യ സെഞ്ചുറിയുമായിരുന്നു ഇന്നത്തേത്. ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിലും വിരാട് കോഹ്‌ലി സെഞ്ചുറി നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ