ഭോപ്പാൽ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പുറത്തായപ്പോൾ മധ്യപ്രദേശിൽ ആരാധകൻ ആത്മഹത്യ ചെയ്തു. റിട്ടയേർഡ് റയിൽവേേ ജീവനക്കാരനായ ബാബുലാൽ ബരിയ എന്ന 63 കാരനാണ് ആണ് ആത്മഹത്യ ചെയ്തത്.
വെറും അഞ്ച് റൺസ് മാത്രമെടുത്ത് കോഹ്ലി പുറത്തായതാണ് ആരാധകനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി.
ഇദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പിൽ നിന്നാണ് വിരാട് കോഹ്ലിയുടെ വിക്കറ്റ് വീണതിനെ തുടർന്നാണ് ആത്മഹത്യയെന്ന് വിശദീകരിച്ചത്. കളി കണ്ടുകൊണ്ടിരിക്കെ ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇദ്ദേഹം കടുത്ത ക്രിക്കറ്റ് ആരാധകൻ ആയിരുന്നുവെന്ന് കുടുംബം പൊലീസിന് മൊഴി നൽകി.
ഇദ്ദേഹത്തിന്റെ രണ്ട് ആൺമക്കളിലൊരാൾ 2009 ൽ ആത്മഹത്യ ചെയ്തിരുന്നു. അതേസമയം സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കേപ് ടൗണിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ കനത്ത തോൽവിയാണ് വഴങ്ങിയത്. ബോളിംഗ് പിച്ചിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ ഒന്നടങ്കം പരാജയപ്പെട്ട മത്സരത്തിൽ 72 റൺസിന്റെ തോൽവിയാണ് സന്ദർശകർ ഏറ്റുവാങ്ങിയത്. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 135 ന് ഓൾ ഔട്ടായി. ഡെയ്ൽ സ്റ്റെയ്നിന്റെ അഭാവത്തിലും ഫിലാണ്ടറുടെ 6/42 എന്ന ബോളിംഗ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച വിജയം നേടിക്കൊടുത്തത്.