റാഞ്ചി: മൂന്നാം ടെസ്റ്റില്‍ ഇന്ത്യ തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടപ്പോഴാണ് നായകന്‍ വിരാട് കോഹ് ലി ക്രീസിലെത്തിയത്. ഇന്ത്യയ്ക്കായി രക്ഷാപ്രവര്‍ത്തനം നടത്താനെത്തിയ കോഹ് ലിയെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ഷെ 12 റണ്‍സില്‍ കുടുക്കുകയായിരുന്നു.
എല്‍ബിഡബ്ല്യുവില്‍ കുരുങ്ങിയ കോഹ് ലി പുറത്തായെന്ന് അമ്പയര്‍ വിധിയെഴുതി. എന്നാല്‍ കോഹ് ലിയ്ക്കത് വിശ്വസിക്കാനായില്ല. മറുവശത്തുണ്ടായ രോഹിത്തുമായി ചര്‍ച്ച ചെയ്ത ശേഷം വിരാട് റിവ്യൂ വിളിച്ചു. തേര്‍ഡ് അമ്പയറുടെ തീരുമാനവും ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായിരുന്നു. ഇതോടെ വിരാടിന് മടങ്ങേണ്ടി വന്നു.
Read More:തകര്‍ച്ചയില്‍ താങ്ങായി രോഹിത്തും രാഹനെയും; ഒന്നാം ദിനം ഇന്ത്യന്‍ ആധിപത്യം
ഇതോടെ വിരാടിന് നാണക്കേടിന്റെ ഒരു റെക്കോര്‍ഡാണ് സ്വന്തമായത്. തുടര്‍ച്ചയായ ഒമ്പതാം തവണയാണ് വിരാടിന് റിവ്യു നഷ്ടമാകുന്നത്. ഇതിന് മുന്‍പൊരു റിവ്യു വിരാടിന് അനുകൂലമായത് 2017 ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു. വിരാട് പോയെങ്കിലും രോഹിത് ശര്‍മ്മയും അജിങ്ക്യ രഹാനെയും ചേര്‍ന്ന് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റുന്നതാണ് പിന്നീട് കണ്ടത്.
ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് എടുത്തിട്ടുണ്ട്. സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. രഹാനെ സെഞ്ചുറിയ്ക്ക് അരികിലെത്തി നില്‍ക്കുകയാണ്. നാളെ ഇന്ത്യ കളി പുനരാരംഭിക്കുമ്പോള്‍ രഹാനെയ്ക്ക് മൂന്ന് അക്കം കടക്കാനാകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്.
Also Read: ആകാശത്തേക്ക് നോക്കി ‘ചതിക്കരുതേ മഴയേ’ എന്ന് രോഹിത്; തൊട്ടടുത്ത പന്തില്‍ സിക്‌സും സെഞ്ചുറിയും
രോഹിത് ശര്‍മ്മ 117 റണ്‍സുമായും രഹാനെ 83 റണ്‍സുമായും ക്രീസിലുണ്ട്. രോഹിത് 164 പന്തുകളില്‍ 14 ഫോറും നാല് സിക്‌സുമടക്കമാണ് 117 റണ്‍സ് നേടിയത്.രഹാനെ 135 പന്തില്‍ 11 ഫോറും ഒരു സിക്‌സുമടക്കം 83 റണ്‍സ് എടുത്തിട്ടുണ്ട്.
നേരത്തെ ടീം സ്കോർ 39ൽ എത്തിയപ്പോഴേക്കും ഇന്ത്യയുടെ മൂന്ന് മുൻനിര ബാറ്റ്സ്മാന്മാരും കൂടാരം കയറിയിരുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സെഞ്ചുറി പ്രകടനവുമായി തിളങ്ങിയ മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്. പിന്നാലെ തന്നെ അക്കൗണ്ട് തുറക്കാതെ പൂജാരയും മടങ്ങി. റബാഡയാണ് രണ്ടു താരങ്ങളെയും പുറത്താക്കിയത്. പൂനെയിൽ ഇരട്ടസെഞ്ചുറി പ്രകടനവുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച നായകൻ വിരാട് കോഹ്‌ലിക്കും ഇന്ന് തിളങ്ങാനായില്ല.