വിരാട് കോഹ്‌ലി മികച്ച കളിക്കാരനാണെന്നും, പക്ഷേ ക്യാപ്റ്റനെന്ന നിലയിൽ ഇനിയും ചിലതൊക്കെ മനസ്സിലാക്കേണ്ടതുണ്ടെന്നും മുൻ വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബോളർ മൈക്കിൾ ഹോൾഡിങ്. ലോകത്തിലെ മികച്ച 3 കളിക്കാരിൽ ഒരാളാണ് കോഹ്‌ലി. മികച്ച ബാറ്റ്സ്മാന്മാർക്ക് ഏതു പിച്ചിലും റൺസ് ഉയർത്താം, പക്ഷേ കോഹ്‌ലിക്ക് അങ്ങനെ ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും ഹോൾഡിങ് പറഞ്ഞു.

”വിരാട് കോഹ്‌ലി മികച്ച ബാറ്റ്സ്മാനാണ്. ലോകത്തിലെ 3 കളിക്കാരുടെ പേരുകൾ പറയാൻ ആവശ്യപ്പെട്ടാൽ അതിൽ ഞാൻ കോഹ്‌ലിയെയും ഉൾപ്പെടുത്തും. കോഹ്‌ലി വളരെ നല്ലൊരു കളിക്കാരനാണ്. ഇംഗ്ലണ്ടിൽ കോഹ്‌ലി സ്കോർ നേടുമ്പോൾ ഞാൻ അദ്ദേഹത്തെ മികച്ച കളിക്കാരനെന്നു വിളിക്കും. ലോകത്തിലെ ഏതു പിച്ചിലും റൺസ് നേടാൻ കഴിയുന്നവരെ എനിക്ക് ഇഷ്ടമാണ്. കോഹ്‌ലി എല്ലാ തരത്തിലും മിക്ക കളിക്കാരനാണ്” ഹോൾഡിങ് മുംബൈ മിററിനോട് പറഞ്ഞു.

ഒരു ക്യാപ്റ്റനെന്ന നിലയിൽ കോഹ്‌ലി ഇനിയും മെച്ചപ്പെടാനുണ്ടെന്നും ഹോൾഡിങ് പറഞ്ഞു. ”കോഹ്‌ലിയെ കുറ്റപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ഞാൻ ക്യാപ്റ്റനായാൽ എനിക്ക് എന്റേതായ ചില രീതികളുണ്ടാവും. പക്ഷേ എപ്പോഴും അത് ശരിയായ രീതി ആയിരിക്കില്ല. മുതിർന്ന താരങ്ങളുടെ അഭിപ്രായവും വ്യത്യസ്ത വാദമുഖങ്ങളിൽനിന്നും ഉരുത്തിരിയുന്ന അഭിപ്രായങ്ങളും കേൾക്കേണ്ടതായും വരും. അതിൽനിന്നും അവർ ആഗ്രഹിക്കുന്നത് എന്താണെന്നുളള ധാരണ എനിക്ക് ലഭിക്കും”.

”ക്രിക്കറ്റിനെ ഇമോഷണലായിട്ടാണ് കോഹ്‌ലി സമീപിക്കുന്നത്. എല്ലാ കാര്യങ്ങളും തനിക്ക് ചെയ്യണം എന്ന് കോഹ്‌ലി ആഗ്രഹിക്കുന്നുണ്ട്. കാലക്രമേണ അവൻ പഠിക്കും. ക്രിക്കറ്റിലേക്ക് വന്നതുമുതൽ കോഹ്‌ലി വിജയിച്ചിട്ടേയുളളൂ. അതിനാൽ തന്നെ കോഹ്‌ലിക്ക് മാറാൻ പ്രയാസമാണ്. മറ്റുളളവരുടെ കാഴ്ചപ്പാടുകളും പരിഗണിച്ചശേഷമാകണം കോഹ്‌ലി അവസാന തീരുമാനം സ്വീകരിക്കേണ്ടതെന്നും” ഹോൾഡിങ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ