സെഞ്ചൂറിയൻ: ഇന്ത്യ – പാക്കിസ്ഥാൻ വൈരത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അതിർത്തി തർക്കം മുതൽ ക്രിക്കറ്റ് വൈരം വരെ നീണ്ട് നിൽക്കുന്നവയാണ് ഇത്. എന്നാൽ പാക്കിസ്ഥാനിൽ ആരംഭിച്ച ഒരു സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി.

പാക്കിസ്ഥാനിലെ ലാഹോറിൽ ആരംഭിച്ച ഹോട്ടലിന് ആശംസകൾ നേർന്ന് കൊണ്ടാണ് വിരാട് കോഹ്‌ലി രംഗത്ത് വന്നിരിക്കുന്നത്. പ്രശസ്ത അമ്പയറായ പാക്ക് സ്വദേശി അലീം ദറാണ് ലാഹോറിൽ പുതിയൊരു ഹോട്ടൽ തുടങ്ങിയിരിക്കുന്നത്. കേൾവി ശക്തി ഇല്ലാത്ത വിദ്യാർഥികൾക്ക് ഒരു സ്പെഷ്യൽ സ്ക്കൂൾ തുടങ്ങുന്നതിന് വേണ്ടിയാണ് അലീം ദർ ഹോട്ടൽ ആരംഭിച്ചത്. ഹോട്ടലിൽ നിന്ന് ലഭിക്കുന്ന വരുമാനം ഇതിനായി ഉപയോഗിക്കുമെന്നാണ് അലീം ദറിന്റെ വാഗ്ദാനം.

‘ദാറ്സ് ഡിലൈറ്റോ’ എന്നാണ് ഹോട്ടലിന്റെ പേര്. ലാഹോറിലെ ജോഹർ ടൗണിലാണ് ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്. അലീം ദറിന്റെ പുതിയ സംരംഭത്തിന് വലിയ ജനപിന്തുണയാണ് പാക്കിസ്ഥാനിൽ ലഭിച്ചത്. പിന്നാലെയാണ് വിരാട് കോ‌ഹ്‌ലി അലീം ദറിന്റെ സംരംഭത്തിന് പിന്തുണയുമായി എത്തിയത്. പ്രത്യേകമായി തയ്യാറാക്കിയ വീഡിയോയിലൂടെയാണ് വിരാട് കോഹ്‌ലി തന്റെ പിന്തുണ അറിയിക്കുന്നത്.

പരമ്പരാഗത മുഗൾ ശൈലിയിലാണ് ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്. വ്യത്യസ്ഥമായ ഭക്ഷണ വിഭവങ്ങളാണ് ഹോട്ടലിന്റെ ആകർഷണം. അലീം ദാറ് മുൻപ് ആരംഭിച്ച ക്രിക്കറ്റ് അക്കാദമിക്ക് പിന്തുണയുമായി വിരാട് കോഹ്‌ലി രംഗത്ത് വന്നിരുന്നു. ഐസിസിയുടെ എലൈറ്റ് അമ്പയറിങ്ങ് പാനലിൽ ഏറെക്കാലമായി സ്ഥാനമുറപ്പിച്ച വ്യക്തിയാണ് അലീം ദർ.

ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ അമ്പയറിങ് പാനലിൽ അലീം ദറ് ഉണ്ട്. കളത്തിലും പുറത്തും അലീം ദറും വിരാട് കോഹ്‌ലിയും അടുത്ത സുഹൃത്തുക്കളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ