ബെംഗളൂരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ 1-0 ല്‍ മുമ്പിലാണ് ഇന്ത്യ. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മൂന്നാം ടി20യില്‍ ടോസ് കിട്ടിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെടുത്ത തീരുമാനം എല്ലാവരേയും ഒരു നിമിഷത്തേക്ക് അമ്പരപ്പിക്കുന്നതായിരുന്നു. ചെയ്‌സിങ്ങിന് പേരുകേട്ട പിച്ചില്‍ വിരാട് തീരുമാനിച്ചത് ആദ്യം ബാറ്റ് ചെയ്യാനായിരുന്നു.

ബെംഗളൂരുവിന്റെ ചരിത്രം നോക്കിയാല്‍ കാണുന്നത് രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം ജയിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ്. എന്നിട്ടും എന്തുകൊണ്ട് വിരാട് ഇങ്ങനെ ഒരു തീരുമാനത്തിലെത്തി? അതും ഐപിഎല്ലില്‍ ബെംഗളൂരുവിന്റെ നായകനായ കോഹ്‌ലി. ഈ സംശയത്തിന് ഇന്ത്യന്‍ നായകന്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.

”എനിക്കറിയാം ഇത് ചെയ്‌സിങ് ഗ്രൗണ്ടാണെന്ന്. ഐപിഎല്ലില്‍ അതാണ് എല്ലാ ടീമുകളും ഇവിടെ ചെയ്യാറുള്ളതും. പക്ഷെ ലോകകപ്പ് മുന്നില്‍ കണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. സമ്മര്‍ദ്ദത്തില്‍ കളിച്ച് കരുത്തു നേടണം” എന്നായിരുന്നു വിരാടിന്റെ മറുപടി.

”മത്സരഫലം തന്നെയാണ് പ്രധാനപ്പെട്ടത്. പക്ഷെ കംഫര്‍ട്ട് സോണിന് പുറത്ത് വരണം, പ്രത്യേകിച്ച് ലോകകപ്പ് മുന്നിലുള്ളപ്പോള്‍” വിരാട് വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇന്നും ഇറങ്ങിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook