ബെംഗളൂരു: ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി അഫ്‌ഗാനിസ്ഥാനെതിരായ ടെസ്റ്റ് മൽസരം കളിക്കില്ല. ഈ ഐപിഎൽ സീസണിന് പിന്നാലെ ജൂൺ 14 ന് ആരംഭിക്കുന്ന ടെസ്റ്റ് മൽസരം കളിക്കാതെ താരം ലണ്ടനിലേക്ക് പറക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. ഇംഗ്ലണ്ടിനെതിരെ തുടർന്നുവരുന്ന പരമ്പരയിൽ ബാറ്റിങ് മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കൗണ്ടി ക്രിക്കറ്റ് കളിക്കാനാണ് താരം ലണ്ടനിലേക്ക് പോകുന്നത്.

ദക്ഷിണ ലണ്ടനിൽ സറേ(surrey)യ്ക്ക് വേണ്ടിയാണ് താരം കളിക്കാനിറങ്ങുക. ഇംഗ്ലണ്ടിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന വിമർശനങ്ങളെ അതിജീവിക്കണമെന്ന ഉറച്ച വാശിയിലാണ് താരം. ഇംഗ്ലണ്ടിൽ അഞ്ച് ടെസ്റ്റുകൾ കളിച്ച കോഹ്‌ലി ആകെ നേടിയത് 134 റൺസാണ്. ഇതാണ് താരത്തെ അഫ്‌ഗാനെതിരായ മൽസരം കളിക്കാതെ കൗണ്ടി ക്രിക്കറ്റ് കളിക്കാനുളള തീരുമാനത്തിലെത്തിച്ചത്.

കോഹ്‌ലിയുടെ തീരുമാനത്തെ പ്രശംസിച്ച് വി.വി.എസ്.ലക്ഷ്‌മണും ഹർഷ ഭോഗ്‌ലെയുമടക്കം നിരവധി പേരാണ് രംഗത്ത് വന്നത്. “കളിയോടുളള കോഹ്‌ലിയുടെ ആത്മാർപ്പണത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അദ്ദേഹം മാത്രമല്ല, ഇന്ത്യയും ഇംഗ്ലണ്ടിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കും,” ലക്ഷ്‌മൺ ട്വീറ്റ് ചെയ്തു.

ഹാംപ്‌ഷെയർ, സോമർസെറ്റ്, യോർക്‌ഷെയർ എന്നിവർക്കെതിരെ വിരാട് കോഹ്‌ലികളിക്കാനിറങ്ങും എന്നാണ് വിവരം. ചേതേശ്വർ പൂജാരയും വിരാട് കോഹ്‌ലിക്ക് പുറമേ കൗണ്ടി ക്രിക്കറ്റിൽ കളിക്കാനിറങ്ങുന്നുണ്ട്. യോർക്‌ഷെയറിന് വേണ്ടിയാണ് പൂജാര കളിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന പരമ്പരയിൽ ഇംഗ്ലണ്ടിൽ ഇന്ത്യ അഞ്ച് ടെസ്റ്റുകളും മൂന്ന് ഏകദിന മൽസരങ്ങളും മൂന്ന് ടി20 മൽസരങ്ങളും കളിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ