ബോളിവുഡിലെ ഗ്ലാമർ താരങ്ങൾ മാത്രമല്ല ക്രിക്കറ്റ് താരങ്ങളും തിങ്ങിനിറഞ്ഞ ആഘോഷരാവായിരുന്നു വിരാട് കോഹ്‌ലി-അനുഷ്ക ശർമ മുംബൈ വിവാഹ വിരുന്ന്. സെലിബ്രിറ്റികൾ പങ്കെടുത്ത വിരുന്നിൽ വിരാട് കോഹ്‌ലിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ ഒരു അതിഥി കൂടി ഉണ്ടായിരുന്നു. കോഹ്‌ലിയുടെ കടുത്ത ആരാധകനായ ശ്രീലങ്കക്കാരൻ ഗയാൻ സേനാനായകേ.

10 വർഷം മുൻപാണ് ഇന്ത്യൻ ക്യാപ്റ്റനുമായി സൗഹൃദത്തിലായതെന്ന് വിവാഹ വിരുന്നിൽ പങ്കെടുക്കാനെത്തിയ ഗയാൻ ഇന്ത്യാ ടുഡേയോട് പറഞ്ഞു. അന്നു മുതൽ ഇന്നുവരെ കോഹ്‌ലിയുമായുളള സൗഹൃദം തുടരുന്നു. ഇടയ്ക്കിടെ ഫോണിൽ സംസാരിക്കാറുണ്ട്. 26 ന് മുംബൈയിൽ നടക്കുന്ന വിരുന്നിൽ പങ്കെടുക്കാൻ വരണമെന്ന് കോഹ്‌ലി ക്ഷണിച്ചിരുന്നുവെന്നും ഗയാൻ പറഞ്ഞു.

കോഹ്‌ലിയുടെ മാത്രമല്ല ശ്രീലങ്കൻ ടീമിന്റെയും വലിയ ആരാധകനാണ് ഗയാൻ. വിദേശരാജ്യങ്ങളിലും തന്റെ ടീമിന് പിന്തുണ നൽകാനായി ഗയാൻ പോകാറുണ്ട്. മുംബൈയിൽ നടന്ന ഇന്ത്യ-ശ്രീലങ്ക അവസാന ടി ട്വന്റി മൽസരം കാണാനും ഗയാൻ ഉണ്ടായിരുന്നു. മൽസരത്തിൽ ശ്രീലങ്കയുടെ പരാജയത്തെക്കുറിച്ച് ചോദിച്ചപ്പോൾ ജയവും തോൽവിയും മൽസരത്തിലുളളതാണെന്നും ക്രിക്കറ്റും ക്രിക്കറ്റ് താരങ്ങളെയും തനിക്ക് ഇഷ്ടമാണെന്നുമായിരുന്നു ഗയാനിന്റെ മറുപടി.

ഡൽഹിയിൽ വിരുന്ന് ഒരുക്കിയതിനു പിന്നാലെയാണ് മുംബൈയിലും വിരുഷ്ക ദമ്പതികൾ വിരുന്നൊരുക്കിയത്. വിരുന്നിൽ ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും പങ്കെടുത്തു. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ഷാരൂഖ് ഖാൻ, കരൺ ജോഹർ, കത്രീന കെയ്ഫ്, വരുൺ ധവാൻ, സിദ്ധാർഥ് മൽഹോത്ര, കങ്കണ റണാവത്ത്, പ്രിയങ്ക ചോപ്ര, ശ്രീദേവി, മാധുരി ദീക്ഷിത്, രേഖ ഉൾപ്പെടെ ഒട്ടുമിക്ക ബോളിവുഡ് താരങ്ങളും പാർട്ടിക്കെത്തി. സച്ചിൻ തെൻഡുൽക്കർ, എം.എസ്.ധോണി, രവീന്ദ്ര ജഡേജ, രവി ശാസ്ത്രി തുടങ്ങി ക്രിക്കറ്റ് താരങ്ങളും വിരുന്നിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ