ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി നല്ലൊരു ഫീൽഡർ കൂടിയാണ്. ബാറ്റിങ്ങിൽ മാത്രമല്ല ഫീൽഡിങ്ങിലും കോഹ്‌ലി പലപ്പോഴും ആരാധകരെ അതിശയപ്പെടുത്തിയിട്ടുണ്ട്. ന്യൂസിലൻഡിനെതിരായ രണ്ടാം ടി 20 മത്സരത്തിൽ കോഹ്‌ലി ചില കിടിലൻ ക്യാച്ചുകൾ നേടി. കോഹ്‌ലിയുടെ സ്റ്റണ്ണിങ് ക്യാച്ചിൽ ന്യൂസിലൻഡിന്റെ ഓപ്പണർമാരായ ഗുപ്റ്റിലും മൺറോയും പുറത്തായിരുന്നു.

മത്സരത്തിൽ കോഹ്‌ലി രണ്ടു കിടിലൻ ക്യാച്ചുകൾ നേടിയപ്പോൾ വളരെ അനായാസേന കൈപ്പിടിയിൽ ഒതുക്കാൻ കഴിയുമായിരുന്ന ക്യാച്ച് കൈവിട്ടു. 18-ാം ഓവറിലായിരുന്നു സംഭവം. ബുംറയുടെ ബോൾ സിക്സറിനായി റോസ് ടെയ്‌ലർ ഉയർത്തി. പക്ഷേ ബോൾ ഉയർന്നുപൊങ്ങി സിക്സർ കടക്കാതെ കോഹ്‌ലിയുടെ കൈകളിലേക്കെത്തുകയായിരുന്നു. കോഹ്‌ലിയുടെ കൈപ്പിടിയിൽ ബോൾ ഒതുങ്ങിയെന്നു കരുതിയ നിമിഷത്തിലാണ് താഴെ വീണത്.

Read Also: ബാസ്കറ്റ്ബോൾ ഇതിഹാസം കോബി ബ്രയന്റ് അന്തരിച്ചു

കോഹ്‌ലി ക്യാച്ച് കൈവിട്ടത് ബുംറയ്ക്ക് വിശ്വസിക്കാനായില്ല. ബുംറ കൈകൾ കൊണ്ട് മുഖം പൊത്തി. കോഹ്‌ലിയുടെ മുഖത്ത് ചെറിയൊരു ചിരിയുണ്ടായെങ്കിലും ക്യാച്ച് നഷ്ടമാക്കിയതിന്റെ നിരാശ പ്രകടമായിരുന്നു. നിരാശയിൽ കോഹ്‌ലിയും കൈകൾ കൊണ്ട് മുഖംപൊത്തി. പിന്നീട് 20-ാം ഓവറിൽ ബുംറയുടെ ബോളിൽ രോഹിത് ശർമയുടെ ക്യാച്ചിലൂടെ ടെയ്‌ലർ പുറത്തായി.

രാഹുലും ശ്രേയസും ഒരിക്കൽ കൂടി ക്രീസിൽ തിളങ്ങിയപ്പോൾ ന്യൂസിലൻഡിനെതിരെ ഇന്ത്യ തുടർച്ചയായ രണ്ടാം ടി20 ജയമാണ് നേടിയത്. ആതിഥേയർ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. കിവികളെ 132 റൺസിന് പിടിച്ചുകെട്ടിയ ഇന്ത്യയുടെ ജയം 2.3 ഓവർ ബാക്കി നിർത്തിയായിരുന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ 2-0ന് ഇന്ത്യ മുന്നിട്ടു നിൽക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook