ആക്രമണ ശൈലി മാത്രമല്ല, കൃത്യതയാർന്ന പൊസിഷനിങ്ങും ഷോട്ടുകൾ തെരഞ്ഞെടുക്കുന്നതിലെ കഴിവുമാണ് വിരാട് കോഹ്‌ലിയെ മറ്റു താരങ്ങളിൽനിന്ന് വ്യത്യസ്തനാക്കുന്നതും പലപ്പോഴും മികച്ച സ്കോർ കണ്ടെത്താൻ സഹായിക്കുന്നതും. പലപ്പോഴും എതിരാളികളുടെ വരെ പ്രശംസ നേടാൻ മൈതാനത്ത് തന്നെ താരത്തിന് സാധിച്ചിട്ടുണ്ട്. അത്തരത്തിലൊരു സംഭവം ബംഗ്ലാദേശിനെതിരെ കൊൽക്കത്തയിൽ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിലുമുണ്ടായി. ബോളർ തന്നെയാണ് കോഹ്‌ലിയുടെ ഷോട്ട് കണ്ട് കൈയ്യടിച്ചത്.

Also Read: ബംഗ്ലാദേശ് താരത്തിന് പരുക്ക്; ഓടിയെത്തിയത് ഇന്ത്യന്‍ ഫിസിയോ, കയ്യടിച്ച് ക്രിക്കറ്റ് ലോകം

മത്സരത്തിന്റെ ആദ്യ ദിനമായിരുന്നു സംഭവം. 17-ാം ഓവറിന്റെ നാലാം പന്ത് ഒരു ക്ലാസിക് കവർ ഡ്രൈവിലൂടെ എബദത്ത് ഹൊസൈനെ കോഹ്‌ലി ബൗണ്ടറി കടത്തി. ബാറ്റിന്റെ നടുക്ക് തട്ടി പന്ത് നേരെ ബൗണ്ടറിയിലേക്ക് കുതിക്കുകയായിരുന്നു. ഇത് കണ്ട ബോളർക്ക് ചുമ്മതങ്ങ് തിരിഞ്ഞുപോകാനായില്ല. ഇന്ത്യൻ നായകനെ നോക്കി അനുമോദനം എന്ന നിലയ്ക്ക് കൈയ്യടിച്ച ശേഷമാണ് അടുത്ത പന്തെറിയാൻ താരം തയ്യാറെടുത്തത്.

അതേസമയം നായകന്റെ സെഞ്ചുറി മികവിൽ ഇന്ത്യ ലീഡ് ഉയർത്തി കുതിക്കുകയാണ്. രണ്ടാം ദിനം മൂന്ന് വിക്കറ്റിന് 174 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ അതിവേഗം തന്നെ സ്കോറിങ്ങിൽ താളം കണ്ടെത്തി. 69 പന്തിൽ 51 റൺസെടുത്ത രഹാനെയുടെ വിക്കറ്റാണ് ഇന്ന് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. തയ്ജുൽ ഇസ്‌ലാമാണ് താരത്തെ പുറത്താക്കിയത്.

Also Read: ‘മത്സരത്തിനിടെ വാക്ക് തർക്കം, രോഹിത്തിന്റെ കാല് വാരി നിലത്തിട്ട് അടിക്കുന്ന കോഹ്‌ലി’

ചരിത്ര ടെസ്റ്റിൽ ഇന്ത്യ ബംഗ്ലാദേശിനെ ആദ്യ ഇന്നിങ്സിൽ 106 റൺസിന് പുറത്താക്കിയാണ് മറുപടി ബാറ്റിങ് ആരംഭിച്ചത്. ആതിഥേയരുടെ തുടക്കവും തകർച്ചയോടെയായിരുന്നെങ്കിലും ക്രീസിൽ നിലയുറപ്പിച്ച നായകൻ വിരാട് കോഹ്‌ലിയും ചേതേശ്വർ പൂജാരയും ലക്ഷ്യം മറികടന്ന് ഇന്ത്യയെ ലീഡിലേക്ക് നയിച്ചു. 14 റൺസെടുത്ത മായങ്കിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. തുടർച്ചയായ രണ്ടാം മത്സരത്തിലും റൺസ് കണ്ടെത്തുന്നതിൽ പരാജയപ്പെട്ട രോഹിത് 21 റൺസിന് പുറത്തായി.

Also Read: സൂപ്പർ ഹീറോയെ പോലെ; രോഹിത്തിന്റെ വണ്ടർ ക്യാച്ചിൽ അന്തംവിട്ട് ക്രിക്കറ്റ് ലോകം

കൊൽക്കത്തയിൽ തിരിച്ചുവരവിനൊരുങ്ങിയ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്സ് 106 ൽ അവസാനിക്കുകയായിരുന്നു. അഞ്ചു വിക്കറ്റ് നേടിയ ഇഷാന്ത് ശർമയാണ് ബോളർമാരിൽ തിളങ്ങിയത്. മൂന്നു വിക്കറ്റുമായി ഉമേഷ് യാദവും രണ്ടുവിക്കറ്റുമായി മുഹമ്മദ് ഷമിയും ഇന്ത്യൻ ടീമിന്റെ നെടുംതൂണായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook