ഈ വർഷം വിരാട് കോഹ്‌ലിയുടെ ജീവിതം സംഭവബഹുലമായിരുന്നു. ഏകദിനത്തിൽ 76.84 ശരാശരിയിൽ 1460 റൺസ്. ടെസ്റ്റിൽ 75.64 ശരാശരിയിൽ 1059 റൺസ്. ഏകദിനത്തിലും ടി20യിലും റാങ്കിങ്ങിൽ ഒന്നാമത്. ടെസ്റ്റ് ബാറ്റ്സ്മാന്മാരിൽ രണ്ടാമത്. ഇതിന് പുറമേ ഇന്ത്യയുടെ തുടർച്ചയായ ഒൻപത് പരമ്പര വിജയങ്ങൾ ക്യാപ്റ്റനെന്ന നിലയിലും കോഹ്‌ലിയുടെ കിരീടത്തിലെ പൊൻതൂവലായി.

ഇതിനെല്ലാം പുറമേയാണ് ദീർഘനാളായുണ്ടായിരുന്ന അനുഷ്ക ശർമ്മയുമായുള്ള പ്രണയബന്ധം വിവാഹത്തിലേക്ക് എത്തിയിരിക്കുന്നത്. എല്ലാം കോഹ്‌ലിയുടെ വഴിക്ക് നീങ്ങിയ 2017ൽ ഈ 29കാരന് ആഹ്ലാദിക്കാൻ ഇനിയും കാരണങ്ങളുണ്ട്.

ഇപ്പോൾ ബോളിവുഡിന്റെ കിങ് ഖാനായ, ഷാരൂഖിനെ പിന്തള്ളി ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റിയായി വളർന്നിരിക്കുകയാണ് കോഹ്‌ലി. ഡെഫ് ആന്റ് ഫിലിപ്സ് പുറത്തുവിട്ട സെലിബ്രിറ്റി റാങ്കിങ്ങിൽ 144 ദശലക്ഷം യുഎസ് ഡോളറാണ് കോഹ്‌ലിയുടെ ബ്രാന്റ് മൂല്യം. പ്യൂമ, മാന്യവർ, ജിയോണി, ഓഡി തുടങ്ങി 20 മുൻനിര ബ്രാന്റുകളുടെ അംബാസഡറാണിപ്പോൾ കോഹ്‌ലി. ഒറ്റ വർഷത്തിനുള്ളിൽ 56 ശതമാനം വർദ്ധനവാണ് കോഹ്‌ലിയുടെ ബ്രാന്റ് മൂല്യത്തിൽ ഉണ്ടായത്.

രണ്ടാം സ്ഥാനത്തുള്ള ഷാരൂഖ് ഖാന് 106 ദശലക്ഷം ഡോളറാണ് ബ്രാന്റ് മൂല്യം. ഒരു വർഷത്തിനിടെ ഇദ്ദേഹത്തിന്റെ ബ്രാന്റ് മൂല്യം 20 ശതമാനം താഴേക്ക് പോയി. പട്ടികയിൽ 13-ാം സ്ഥാനത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുമുണ്ട്. 21 ദശലക്ഷം യുഎസ് ഡോളറാണ് ധോണിയുടെ ബ്രാന്റ് മൂല്യം. 15 ദശലക്ഷം യുഎസ് ഡോളർ ബ്രാന്റ് മൂല്യവുമായി പി.വി.സിന്ധു പട്ടികയിൽ 15-ാം സ്ഥാനത്താണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ