ലണ്ടൻ: പരിശീലകൻ അനിൽ കുംബ്ലെയുമായി കടുത്ത അഭിപ്രായ വ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ വിഷയത്തിൽ വിശദീകരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി രംഗത്ത്. കുംബ്ലെയുമായി ഒരു പ്രശ്നവുമില്ലെന്നും എല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്നും കൊഹ്‌ലി വ്യക്തമാക്കി. ചാംപ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനുമായി നാളെ നടക്കുന്ന മൽസരത്തിനു മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലാണ് ഇന്ത്യൻ ക്യാംപിലെ പ്രശ്നങ്ങൾ സംബന്ധിച്ച് കൊഹ്‌ലി മനസ്സു തുറന്നത്.

‘പരിശീലകൻ എന്ന നിലയിൽ കുംബ്ലെയുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ആളുകൾ കാര്യങ്ങളറിയാതെ വെറുതെ ബഹളം വയ്ക്കുകയാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ടാണ് ആളുകൾ ഊഹാപോഹങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുന്നത്. ഏതൊരു ഡ്രസിങ് റൂമിലും ഉണ്ടാകുന്ന ചില ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ മാത്രമാണ് ഇന്ത്യൻ ക്യാംപിലും ഉള്ളത്. നമ്മുടെ വീട്ടിൽപ്പോലും ചിലപ്പോൾ ഇത്തരം അസ്വാരസ്യങ്ങൾ ഉണ്ടാകാറുണ്ട്. അതിനർഥം കുടുംബത്തിൽ മുഴുവൻ പ്രശ്നമാണ് എന്നല്ല. എന്തിനു വേണ്ടിയാണ് ഇത്തരം നുണക്കഥകൾ പറഞ്ഞു പ്രചരിപ്പിക്കുന്നതെന്ന് തനിക്ക് അറിയില്ല’ കൊഹ്‌ലി പറഞ്ഞു.

ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയും പരിശീലകൻ അനിൽ കുംബ്ലെയുമായി അഭിപ്രായ ഭിന്നത രൂക്ഷമാണെന്നും കുംബ്ലെയുമായി ഒത്തുപോകാൻ ഇന്ത്യൻ ടീമിലെ പലർക്കും സാധിക്കിന്നില്ലെന്നുമാണ് വരുന്ന റിപ്പോർട്ടുകൾ. കുബ്ലെയുമായി ഒരു നിലക്കും യോജിച്ച് പോകാനാകില്ലെന്ന് കൊഹ്‌ലി അറിയിച്ചതായും വാർത്തകളുണ്ടായിരുന്നു. പുതിയ കോച്ചിനായി ബിസിസിഐ അപേക്ഷയും ക്ഷണിച്ചിരുന്നു. കുംബ്ലെ ടീമിനെ പരിശീലിപ്പിക്കുന്നതില്‍ കൊഹ്‌ലി ഉള്‍പ്പെടെയുള്ള ഏതാനും മുതിർന്ന താരങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും പകരം രവിശാസ്ത്രിയെ പരിശീലകനാക്കണമെന്നാണ് ഇവരുടെ ആവശ്യമെന്നുമാണ് റിപ്പോർട്ടുകൾ. അടുത്ത പരിശീലകനെ തീരുമാനിക്കുന്ന സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ ത്രയം പ്രശ്‌നത്തില്‍ മധ്യസ്ഥത്തിനായി ഇടപെട്ടു എന്നും വാർത്തകളുണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook