ഇംഗ്ലണ്ടിൽ നേടിയ ചരിത്ര നേട്ടം വിരാഹ് കോഹ്‌ലി സമർപ്പിച്ചത് ഭാര്യ അനുഷ്ക ശർമ്മയ്ക്ക്. ഇംഗ്ലണ്ട് മണ്ണിലെ കന്നി സെഞ്ചുറിയാണ് കോഹ്‌ലി ആഘോഷമാക്കിയത്. കോഹ്‌ലിയുടെ ആഘോഷത്തിന് അനുഷ്കയും സാക്ഷിയായി.

കരിയറിലെ 22-ാം സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കോഹ്‌ലി നേടിയത്. 149 റൺസുമായി പത്താമനായാണ് ഇന്ത്യൻ ക്യാപ്റ്റൻ മടങ്ങിയത്.  ഇന്ത്യന്‍ ഇന്നിങ്സിനെ തനിച്ച് തോളിലേറ്റി ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ച കോഹ്‌ലി അക്ഷരാർത്ഥത്തിൽ നായകന്റെ കളി പുറത്തെടുത്തു.

ബെൻ സ്റ്റോക്സിന്റെ പന്ത് ബൗണ്ടറി കടത്തിയാണ് കോഹ്‌ലി സെഞ്ചുറി നേടിയത്. ബാറ്റ് ഉയർത്തി ആഘോഷിച്ചശേഷം താഴെയിട്ട് ഗ്ലൗസ് അഴിച്ചു മാറ്റിയ കോഹ്‌ലി വിവാഹ മോതിരം ഉയർത്തിക്കാട്ടി മുത്തമിടുകയായിരുന്നു. കോഹ്‌ലിയുടെ ഈ ആഹ്ലാദ നിമിഷങ്ങൾ ഗ്യാലറിയിൽ നിന്ന് അനുഷ്ക കാണുന്നുണ്ടായിരുന്നു. ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിൽ സെഞ്ചുറി നേടിയപ്പോൾ വിവാഹ മോതിരത്തിൽ മുത്തമിട്ടാണ് കോഹ്‌ലി ആഘോഷിച്ചത്.

ഇംഗ്ലണ്ടിനെതിരെ ആയിരം റൺസ് ടെസ്റ്റിൽ തികയ്ക്കുന്ന 13-ാമത്തെ ബാറ്റ്സ്മാൻ എന്ന ഖ്യാതിക്കും ഇന്നലെ കോഹ്‌ലി പാത്രമായി. വ്യക്തിഗത സ്കോർ 22 ൽ എത്തിയപ്പോഴാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്.

172 പന്തില്‍ നിന്നാണ് വിരാട് കോഹ്‌ലി സെഞ്ചുറി തികച്ചത്. ഒരറ്റത്ത് വിക്കറ്റുകള്‍ നിലംപ്പെത്തിയപ്പോൾ ലീഡ് വഴങ്ങാതിരിക്കാന്‍ സ്കോറിങ് വേഗം കൂട്ടിയ കോഹ്‌ലി, ആദില്‍ റഷീദിന്‍റെ പന്തില്‍ ബ്രോഡിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. അപ്പോഴേക്കും 225 പന്തില്‍ 149 റണ്‍സ് അദ്ദേഹം നേടിയിരുന്നു. അതിൽ 22 ഫോറുകളും ഒരു സിക്സും ആ ബാറ്റില്‍ നിന്ന് പിറന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ