ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ് ഏഴ് വിക്കറ്റിന് 536 റൺസിന് ഇന്ത്യ ഡിക്ലയർ ചെയ്തിരുന്നു. പക്ഷേ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഡിക്ലയർ ചെയ്യാൻ അപ്പോൾ ആഗ്രഹിച്ചിരുന്നില്ല. ശ്രീലങ്കൻ താരങ്ങളുടെ തുടർച്ചയായുളള ആവശ്യപ്രകാരമാണ് രോഷത്തോടെ കോഹ്‌ലി ഡിക്ലയർ ചെയ്യാനുളള തീരുമാനമെടുത്തത്.

ഡൽഹി ഫിറോഷ് ഷാ കോട്‌ല സ്റ്റേഡിയത്തിലായിരുന്നു മൽസരം. ശ്രീലങ്കയുടെ പേസർ ലഹിരു ഗാമേജാണ് പൊടിമൂലം ആദ്യം അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടർന്ന് 17 മിനിറ്റ് മത്സരം നിർത്തിവച്ചു. പിന്നീട് മത്സരം തുടങ്ങിയെങ്കിലും മറ്റൊരു ബോളറായ സുരംഗ ലക്മൽ പൊടി സഹിക്കാനാവാതെ ഡ്രെസിങ് റൂമിലേക്ക് മടങ്ങി. അപ്പോൾ 10 പേരുമായി കളിച്ച ലങ്കൻ താരങ്ങൾ മുഖാവരണം ധരിക്കുകയും ചെയ്തു. ഇതിനിടയിൽ കോഹ്‌ലി പുറത്താവുകയും ചെയ്തു. കോഹ്‌ലിയുടെയും അശ്വിന്റെയും വിക്കറ്റുകൾ അടുത്തടുത്ത് വീണതിനുപിന്നാലെ ലങ്കൻ താരങ്ങൾ കൂടുതൽ അസ്വസ്ഥതകൾ പ്രകടിപ്പിച്ചു തുടങ്ങി. ലങ്കൻ ക്യാപ്റ്റൻ ചണ്ടിമാൽ സഹതാരങ്ങളുടെ ആരോഗ്യനിലയെക്കുറിച്ച് അംപയറിനോട് കൂടുതൽ ആശങ്ക പ്രകടിപ്പിച്ചു.

ഇതിനുപിന്നാലെ ഇന്ത്യൻ ടീം കോച്ച് രവി ശാസ്ത്രി മൈതാനത്ത് എത്തുകയും അംപയറുമായി കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. ഇതെല്ലാം കോഹ്‌ലി ഡ്രെസിങ് റൂമിൽനിന്നും കാണുന്നുണ്ടായിരുന്നു. ലങ്കൻ താരങ്ങളുടെ പ്രവൃത്തിയിൽ അരിശം പൂണ്ട കോഹ്‌ലി ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ക്രീസിലായിരുന്ന രവീന്ദ്ര ജഡേജയ്ക്കും വൃദ്ധിമാൻ സാഹയ്ക്കും ഡ്രെസിങ് റൂമിലേക്ക് മടങ്ങിവരാൻ കോഹ്‌ലി സിഗ്നൽ നൽകി. ഇരുവരും ക്യാപ്റ്റന്റെ തീരുമാനത്തെ സ്വീകരിച്ചു. മറ്റൊരു അതിശയകരമായ കാര്യം, കോഹ്‌ലിയുടെ ഈ തീരുമാനത്തെ കൈകൾ അടിച്ചാണ് ലങ്കൻ വിക്കറ്റ് കീപ്പർ നിരോശൻ ഡിക്‌വെല്ല സ്വീകരിച്ചത്. ലങ്കൻ താരങ്ങളുടെ മൈതാനത്തെ പ്രവൃത്തിക്കെതിരെ ട്വിറ്ററിൽ നിരവധി കമന്റുകളാണ് വരുന്നത്. ലങ്കൻ താരങ്ങളുടെ അഭിനയം മികച്ചതാണെന്നും ഓസ്കർ അവാർഡിന് പരിഗണിക്കണമെന്നുമായിരുന്നു ചിലരുടെ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ