മഴ കളിച്ചതോടെ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ഏകദിന മത്സരം ഉപേക്ഷിച്ചിരുന്നു. എന്നാൽ ആരാധകരെ നിരാശരാക്കാതെയാണ് താരങ്ങൾ മൈതാനം വിട്ടത്. ഗയാനയിൽ നടന്ന ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിച്ചെങ്കിലും ആരാധകർക്കൊപ്പം ഡാൻസ് കളിച്ചാണ് വിരാട് കോഹ്‌ലിയും സംഘവും കാണികളെ തൃപ്തിപ്പെടുത്തിയത്.

പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ പ്രാദേശിക പാട്ടിനൊപ്പം ചുവട് വച്ച ഇന്ത്യൻ നായകന് കൂട്ടായി മറ്റ് താരങ്ങൾ കൂടി എത്തിയതോടെ ആവേശം ഇരട്ടിയായി. കേദാർ ജാദവാണ് ഇന്ത്യൻ നിരയിൽ നിന്ന് നായകനൊപ്പം ഡാൻസ് കളിച്ചത്. എതിർ നിരയിൽ നിന്നും സാക്ഷാൽ ക്രിസ് ഗെയ്‌ലും. ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സഹതാരങ്ങളായിരുന്ന ക്രിസ് ഗെയ്‌ലും വിരാട് കോഹ്‌ലിയും പഴയ കൂട്ടുകെട്ടിനെ ഓർമിപ്പിക്കും വിധം കാണികളെ കൈയ്യിലെടുത്തു.

മഴയെ തുടര്‍ന്ന് ഓവര്‍ വെട്ടിച്ചുരുക്കി മത്സരം ആരംഭിച്ചെങ്കിലും പിന്നെയും മഴ കളി മുടക്കി. വെസ്റ്റ് ഇന്‍ഡീസ് 13 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 54 റണ്‍സ് എടുത്തിരുന്നു. എന്നാല്‍, പിന്നീട് ഒരു ഓവര്‍ പോലും എറിയാന്‍ സാധിച്ചില്ല. മഴ വീണ്ടും ശക്തിപ്പെട്ടതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മഴയെ തുടര്‍ന്ന് 34 ഓവറാക്കി മത്സരം ചുരുക്കുകയായിരുന്നു. എന്നാല്‍, രണ്ടാമതും മഴയെത്തി മത്സരം തടസപ്പെടുത്തി. ഒന്നര മണിക്കൂറിലേറെ പിന്നെയും മഴ തുടര്‍ന്നു. ഇതോടെ മത്സരം ഉപേക്ഷിക്കുകയാണെന്ന് അംപയര്‍മാര്‍ പ്രഖ്യാപിച്ചു. വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ഇവിന്‍ ലൂയിസ് (40), ഷായ് ഹോപ്പ് (6) എന്നിവരായിരുന്നു ക്രീസില്‍ ഉണ്ടായിരുന്നത്. മറ്റൊരു ഓപ്പണറായ ക്രിസ് ഗെയ്ല്‍ 11 റണ്‍സുമായി പുറത്തായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook