നോട്ടിങ്ഹാം: നോട്ടിങ്ഹാമില്‍ കഴിഞ്ഞ രണ്ട് ടെസ്റ്റിലേയും പരാജയങ്ങള്‍ക്ക് ഇന്ത്യ മറുപടി നല്‍കിയിരിക്കുകയാണ്. 203 റണ്‍സിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ പകരം വീട്ടിയത്. നായകന് വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെ മികവിലായിരുന്നു ഇന്ത്യയുടെ വിജയം. രണ്ട് ഇന്നിങ്സിലും മികച്ച പ്രകടനമാണ് കോഹ്ലി പുറത്തെടുത്തത്. അതേസമയം, ക്യാപ്റ്റനെന്ന നിലയില്‍ നാഴികക്കല്ലും വിരാട് പിന്നിട്ടു.
ക്യാപ്റ്റനെന്ന നിലയില്‍ വിരാടിന്റെ 22-ാം വിജയമാണ് നോട്ടിങ്ഹാമിലേത്. ഇതോടെ ഇതിഹാസ നായകന് സൗരവ്വ് ഗാംഗുലിയെ പിന്തള്ളി ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയിക്കുന്ന രണ്ടാമത്തെ നായകനായി വിരാട് മാറി. 27 വിജയങ്ങളുള്ള ധോണിയാണ് ഒന്നാമത്. കഴിഞ്ഞ ദിവസമായിരുന്നു മുന്‍ നായകന് അസ്ഹറുദ്ദീന്റെ റെക്കോര്‍ഡ് കോഹ്ലി മറി കടന്നത്. ഇംഗ്ലണ്ടില്‍ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനെന്ന അസ്ഹറിന്റെ റെക്കോര്‍ഡാണ് കോഹ്ലി മറികടന്നത്.
ഇന്ത്യയുടെ വിജയം കേരളത്തിന് സമര്‍പ്പിച്ചിരുന്നു വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെ 203 ന് തകര്‍ത്തിന് ശേഷം പ്രസന്റേഷനില്‍ സംസാരിക്കുകയായിരുന്നു വിരാട്. ടീമെന്ന നിലയില്‍ ഈ വിജയം കേരളത്തിലുണ്ടായ പ്രളയത്തിന്റെ ഇരകള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നുവെന്നാണ് വിരാട് പറഞ്ഞത്.
”ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ ഈ വിജയം കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് സമര്‍പ്പിക്കുന്നു. ഇന്ത്യന്‍ ടീമെന്ന നിലയില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയൊരു കാര്യമാണിത്. വളരെ മോശം സമയമാണ് അവിടെ ഇപ്പോള്‍,” എന്നായിരുന്നു വിരാട് പറഞ്ഞത്. കൈയ്യടിയോടെയാണ് കാണികള്‍ വിരാടിന്റെ വാക്കുകള്‍ സ്വീകരിച്ചത്. മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചും വിരാടിനായിരുന്നു. മാന്‍ ഓഫ് ദ മാച്ച് ഭാര്യ അനുഷ്കയ്ക്കാണ് വിരാട് സമര്‍പ്പിച്ചത്.
നേരത്തേയും കേരളത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും വിരാട് പറഞ്ഞിരുന്നു. ആളുകളോട് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മത്സരശേഷം വിജയം കേരളത്തിന് സമര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞത്.
ഒരു വിക്കറ്റ് ബാക്കി നില്‍ക്കെ കളിയാരംഭിച്ച ഇംഗ്ലണ്ടിനെ 317 ന് ഇന്ത്യ പുറത്താക്കുകയായിരുന്നു. 203 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. 30 റണ്‍സുമായി ആദില്‍ റഷീദും 8 റണ്‍സുമായി ജെയിംസ് ആന്‍ഡേഴ്സണുമായിരുന്നു ക്രിസീല്‍. ആന്‍ഡേഴ്സണിന്റെ വിക്കറ്റാണ് ഇന്ന് ഇംഗ്ലണ്ടിന് നഷ്ടമായത്.
വിക്കറ്റൊന്നും നഷ്ടപ്പെടാതെ 23 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ പിഴച്ചു. സ്കോര്‍ബോര്‍ഡില്‍ 4 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഇംഗ്ലീഷ് ഓപ്പണര്‍ കീറ്റണ്‍ ജെന്നിങ്സനെ ഇഷാന്ത് ശര്‍മ്മ വിക്കറ്റ് കീപ്പര്‍ പന്തിന്റെ കൈകളില്‍ എത്തിച്ചു. കുക്കും, റൂട്ടും, പോപ്പും പിന്നാലെ കൂടാരം കയറിയതോടെ ഇംഗ്ലണ്ട് 62/4 എന്ന നിലയിലായി. സ്റ്റോക്സും ബട്ലറും പൊരുതി നോക്കിയെങ്കിലും ഈ കൂട്ടുകെട്ട് ബുമ്ര തകര്‍ത്തു. അഞ്ചാം വിക്കറ്റില്‍ 169 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്റ്റോക്സും ബട്ലറും ചേര്‍ന്ന് നേടിയത്.
നേരത്തെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 329 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 161 റണ്‍സിന് പുറത്തായിരുന്നു. ആദ്യ ഇന്നിങ്സിലെ ലീഡ് നല്കിയ ആത്മവിശ്വാസത്തില്‍ രണ്ടാം ഇന്നിങ്സിലും ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് മികച്ച പ്രകടനം പുറത്തെടുത്തു. ഇതോടെ ഇംഗ്ലണ്ടിന് മുന്നില്‍ വിജയലക്ഷ്യം 521 റണ്‍സായി. രണ്ട് ഇന്നിങ്സുകളില്‍നിന്നുമായി 200 റണ്‍സ് അടിച്ചുകൂട്ടിയ ക്യപ്റ്റന്‍ വിരാട് കോഹ്ലിയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.