മുംബൈ: പാകിസ്ഥാനെ തകര്‍ത്ത രോഹിതിനും സംഘത്തിനും അഭിനന്ദനവുമായി നായകന്‍ വിരാട് കോഹ്ലി. വിരാടിന് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്നായിരുന്നു ഏഷ്യാ കപ്പിനുള്ള ടീമിനെ നയിക്കാന്‍ രോഹിത് ശര്‍മ്മയെ നിയോഗിക്കുന്നത്. രോഹിതിന്റെ ക്യാപ്റ്റന്‍സിയില്‍ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച്ചവെക്കുന്നത്. ആദ്യ കളിയിലേതിനെക്കാള്‍ ആധികാരിമായിട്ടായിരുന്നു രണ്ടാം വട്ടം ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്.

ഇതിന് പിന്നാലെയാണ് വിരാട് ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. രോഹിതിന്റേയും ധവാന്റേയും ചിത്രങ്ങള്‍ സഹിതമായിരുന്നു വിരാട് ട്വീറ്റ് ചെയ്തത്. ജയം കാണാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഇനിയും മുന്നോട്ടും ഉയരങ്ങളിലേക്കും കുതിക്കട്ടെയന്ന് ആശംസിക്കുന്നുമുണ്ട് വിരാട് ട്വീറ്റില്‍.

ഏഷ്യ കപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോറിലെ രണ്ടാം പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ഒമ്പത് വിക്കറ്റിനാണ് ചിരവൈരികളായ പാക്കിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഓപ്പണര്‍മാരുടെ മിന്നും പ്രകടനമാണ് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്.

പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 238 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക്‌വേണ്ടി ഓപ്പണര്‍മാരായ രോഹിത്തും 111(119)*, ശിഖര്‍ ധവാനും 114(100)സെഞ്ചുറി നേടി. സെഞ്ചുറിക്ക് പിന്നാലെ ധവാന്‍ കളം വിട്ടെങ്കിലും അമ്പാട്ടി റയ്ഡുവിനെ 12(18)* കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ രോഹിത് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് പക്ഷെ തുടക്കം പിഴച്ചു. തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും പാക്കിസ്ഥാന്‍ പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരുകയായിരുന്നു. ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനൊപ്പം ചേര്‍ന്ന് പാക്കിസ്ഥാനെ ഷൊയ്ബ് മാലിക്കാണ് കരകയറ്റിയത്.

സര്‍ഫ്രാസ് പുറത്തായെങ്കിലും പിന്നാലെയെത്തിയ ആസിഫും തിളങ്ങിയതോടെ അവസാന ഓവറുകളില്‍ റണ്‍റേറ്റ് ഉയര്‍ന്നു. എന്നാല്‍ മാലിക്കിന്റെയും ആസിഫിന്റെയും ഇന്നിങ്‌സ് അധികംവൈകാതെ അവസാനിച്ചു. അമ്പത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ 237 റണ്‍സ് നേടിയത്.

ഇന്ത്യക്കായി യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംമ്ര എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ബാബര്‍ അസ്സാമിനെ റണ്‍ഔട്ടിലൂടെയായിരുന്നു ഇന്ത്യ പുറത്താക്കിയത്. ഷൊയ്ബ് മാലിക് 78 റണ്‍സ് നേടിയപ്പോള്‍ സര്‍ഫ്രാസ് 46 റണ്‍സും നേടി.

ഇതോടെ സൂപ്പര്‍ ഫോറിലെ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യയാണ് ടൂര്‍ണ്ണമെന്റില്‍ മുന്നില്‍. സെപ്റ്റംബര്‍ 25 ന് അഫ്ഗാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ