ന്യൂഡല്‍ഹി: ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്ക് എതിരായ മികച്ച പ്രകടനത്തോടെ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ മിഥാലി രാജ്. ഏകദിന ക്രിക്കറ്റില്‍ 6000 റണ്‍സ് തികച്ച ആദ്യ വനിതാ താരമായി മാറിയ മിഥാലിയെ നിരവധി പേരാണ് അഭിനന്ദിച്ച് രംഗത്തെത്തിയത്.

ഇന്ത്യന്‍ പുരുഷ ടീം നായകന്‍ വിരാട് കോഹ്ലിയും മിഥാലിയെ അഭിനന്ദിച്ച് രംഗത്തെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അണിമാനിക്കാവുന്ന നിമിഷമാണിതെന്ന് പറഞ്ഞാണ് കോഹ്ലി ഫെയ്സ്ബുക്കില്‍ അഭിനന്ദനവുമായി എത്തിയത്. എന്നാല്‍ വലിയൊരു അബദ്ധം പറ്റിയ കാര്യം കോഹ്ലി ശ്രദ്ധിച്ചില്ല. മിഥാലി രാജിന് പകരം മറ്റൊരു താരത്തിന്റെ ചിത്രമാണ് കോഹ്ലി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഓസ്ട്രേലിയയ്ക്ക് എതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച പൂനം റൗത്തിന്റെ ഫോട്ടോയാണ് കോഹ്ലി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഉടന്‍ തന്നെ കോഹ്ലിയെ വിമര്‍ശിച്ചും പരിഹസിച്ചും ആരാധകര്‍ പോസ്റ്റിന് താഴെ എത്തി. സുശാന്ത് കദരു എന്നയാളാണ് അബദ്ധം ആദ്യം മനസ്സിലാക്കി തിരുത്തുമായി രംഗത്തെത്തിയത്. ഇത് മിഥാലി എല്ലെന്നും പൂനം റൗത്ത് ആണെന്നും ഇയാള്‍ കുറിച്ചു.

ഇതിന് പിന്നാലെ കോഹ്ലിയെ പരിഹസിച്ച് മറ്റ് പോസ്റ്റുകളും നിറഞ്ഞു. എന്നാല്‍ അബദ്ധം മനസ്സിലാക്കിയ കോഹ്ലി പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. ഓസ്‌ത്രേലിയക്കെതിരായ മല്‍സരത്തിലൂടെയാണ് മിഥാലി ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ഷാര്‍ലെറ്റ് എഡ്‌വാര്‍ഡ്‌സിന്റെ പേരിലുള്ള റെക്കോഡാണ് മിഥാലി തിരുത്തി എഴുതിയത്.

191 മല്‍സരങ്ങളില്‍നിന്ന് ഷാര്‍ലെറ്റ് നേടിയത് 5992 റണ്‍സാണ്. എന്നാല്‍ മിഥാലി ഇത് മറികടന്നത് 183 മല്‍സരങ്ങളില്‍ നിന്നാണെന്നത നേട്ടത്തിന്റെ മാധുര്യം ഉയര്‍ത്തുന്നു. 4844 റണ്‍സുള്ള ആസ്‌ത്രേലിയന്‍ താരം ബെലിന്‍ഡ് ക്ലര്‍ക്കാണ് റണ്‍വേട്ടക്കാരിലെ മൂന്നാം സ്ഥാനത്ത്. ബാറ്റിങ് ശരാശരിയിലും മിഥാലി മുന്നിലാണ്. 51.66 ണ് താരത്തിന്റെ ശരാശരി. വനിതാ ക്രിക്കറ്റില്‍ 50 ന് മുകളില്‍ ശരാശരിയുള്ള രണ്ടാമത്തെ താരം കൂടിയാണ് മിഥാലി. ആസ്‌ത്രേലിയയുടെ മെഗ് ലാനിങ്ങാണ് മറ്റൊരു താരം. ഏകദിനത്തില്‍ അഞ്ച് സെഞ്ച്വറിയും മിഥാലി നേടിയിട്ടുണ്ട്. 114 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook