ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ മനസിൽ വരുന്ന പേരുകളിൽ ഒന്നായി വിരാട് കോഹ്‌ലി മാറിക്കഴിഞ്ഞു. ഇന്ത്യക്ക് അണ്ടർ 19 ലോകകപ്പ് കിരീടം നേടി തന്ന പയ്യൻ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ട് 11 വർഷം തികഞ്ഞിരിക്കുന്നു. 2008 ഓഗസ്റ്റ് 18ന് ശ്രീലങ്കയ്ക്കെതിരെ ആയിരുന്നു വിരാട് കോഹ്‌ലിയുടെ അരങ്ങേറ്റം. രാജ്യാന്തര ക്രിക്കറ്റിന്റെ 11-ാം വാർഷികത്തോട് അനുബന്ധിച്ച് കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പും എഴുതി, ഒപ്പം ആ ദിനത്തിലെ ചിത്രവും

“2008ൽ ഇതേ ദിവസം ഒരു കൗമാരക്കാരനായി തുടങ്ങി, ഇന്ന് 2019 ൽ ഇതേ ദിവസം 11 വർഷക്കാലം തികഞ്ഞിരിക്കുന്നു. ദൈവം ഇത്രത്തോളം അനുഗ്രഹങ്ങൾ എന്നിൽ ചൊരിയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. നിങ്ങൾ ഓരോരുത്തർക്കും നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് എത്താനുള്ള മനഃശക്തിയും കരുത്തും ലഭിക്കട്ടെ. എപ്പോഴും നിങ്ങളുടെ ശരിയായ വഴിയെ ചരിക്കുക,” വിരാട് കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇന്ത്യക്ക് 2008ൽ അണ്ടർ 19 ലോകകപ്പ് നേടി തന്ന നായകനായിരുന്ന വിരാട് കോഹ്‌ലി അതേവർഷം തന്നെ സീനിയർ ടീമിൽ ഇടം നേടി. ശ്രീലങ്കയ്ക്കെതിരായ തന്റെ അരങ്ങേറ്റ മത്സരത്തിൽ എന്നാൽ കാര്യമായി തിളങ്ങാൻ കോഹ്‌ലിക്ക് സാധിച്ചില്ല. 12 റൺസ് മാത്രമാണ് കോഹ്‌ലി അന്ന് സ്വന്തമാക്കിയത്. എന്നാൽ പിന്നീട് അങ്ങോട്ട് കോഹ്‌ലി കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. 2009ൽ തന്റെ ആദ്യ സെഞ്ചുറി നേടിയ കോഹ്‌ലി പത്ത് വർഷത്തിനുള്ളിൽ സെഞ്ചുറി വേട്ടക്കാരിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.

Also Read: ഏറുകൊണ്ട് വീണ സ്മിത്തിനെ നോക്കി ചിരിച്ചു, കൂസാതെ തിരിച്ചു നടന്നു; ആര്‍ച്ചറെ പൊരിച്ച് അക്തര്‍

ഏകദിന – ടെസ്റ്റ് റാങ്കിങ്ങുകളിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യൻ നായകൻ. ബാറ്റേന്തുന്ന ഓരോ മത്സരങ്ങളിലും പല റെക്കോർഡുകളും തിരുത്തി കുറിക്കുന്ന കോഹ്‌ലി അടുത്തിടയ്ക്ക് ഒറു പതിറ്റാണ്ടിനുള്ളിൽ 20000 റൺസ് തികയ്ക്കുന്ന ആദ്യ താരമായും മാറിയിരുന്നു. 2010ൽ ടി20യിലും 2011ൽ ടെസ്റ്റിലും വിരാട് കോഹ്‌ലി ഇന്ത്യക്കായി ആദ്യം പാഡണിഞ്ഞു.

വിരാട് കോഹ്‌ലി ഇതുവരെ 239 ഏകദിന മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായം അണിഞ്ഞു. 11520 റൺസാണ് താരം ഏകദിനത്തിൽ നിന്ന് മാത്രം അടിച്ചെടുത്തത്. 77 ടെസ്റ്റ് മത്സരങ്ങൾ കളിച്ച കോഹ്‌ലി 6613 റൺസും 70 ടി20 മത്സരങ്ങൾ കളിച്ച താരം 2369 റൺസും സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ വിൻഡീസ് പര്യടനത്തിലാണ് വിരാട് കോഹ്‌ലി.

Also Read: ഫിറോസ് ഷാ കോട്‌ലയില്‍ ഇനി ‘വിരാട് കോഹ്‌ലി സ്റ്റാന്‍ഡും’; അംഗീകാരം നേടുന്ന പ്രായം കുറഞ്ഞ താരം

വിരാടിന്റെ ഈ നേട്ടങ്ങള്‍ക്കെല്ലാം അര്‍ഹിച്ച അംഗീകാരം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍. വിരാടിന്റെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരം എന്ന നിലയില്‍ ഡല്‍ഹി ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിലെ സ്റ്റാന്‍ഡുകളിലൊന്നിന് വിരാടിന്റെ പേര് നല്‍കാനാണ് ഡിഡിസിഎയുടെ തീരുമാനം. നിലവില്‍ ഫിറോസ് ഷാ കോട്‌ലയില്‍ സ്വന്തം പേരില്‍ സ്റ്റാന്‍ഡുകളുള്ളത് ബിഷന്‍ സിങ് ബേദിക്കും മൊഹീന്ദര്‍ അമര്‍നാഥിനുമാണ്. പക്ഷെ രണ്ട് പേരേയും വിരമിക്കലിന് ശേഷമാണ് ഈ അംഗീകാരം തേടിയെത്തിയത്. ഇതോടെ സ്വന്തം പേരിലൊരു സ്റ്റാന്‍ഡ് ഉണ്ടാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വിരാട് മാറും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook