ഓവലിലെ അഞ്ചാം ടെസ്റ്റ് മൽസരം പരാജയപ്പെട്ടതോടെ ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും സമ്മർദ്ദത്തിലാണ്. കഴിഞ്ഞ 10-15 വർഷത്തിനിടെ ഏറ്റവും മികച്ച ഇന്ത്യൻ ടീമാണ് ഇപ്പോഴത്തേതെന്ന കോച്ച് രവി ശാസ്ത്രിയുടെ വാദങ്ങൾക്ക് നാനാകോണിൽനിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി തന്നെ ഇതിനെ ചോദ്യം ചെയ്തിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കൈവിട്ടശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കുനേരെയും കോച്ചിന്റെ പ്രസ്താവനയെക്കുറിച്ചുളള ചോദ്യം ഉയർന്നു.

‘മികച്ച ഇന്ത്യൻ ടീമാണോ’ എന്ന റിപ്പോർട്ടറുടെ ചോദ്യം കോഹ്‌ലിയെ അത്ര സന്തുഷ്ടനാക്കിയില്ല. ’15 വർഷത്തിനിടെ മികച്ച ഇന്ത്യൻ ടീം? ഇത് താങ്കളിൽ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ടോ? ഇത് ശരിക്കും താങ്കൾ വിശ്വസിക്കുന്നുണ്ടോ?’, ഇതായിരുന്നു റിപ്പോർട്ടർ ചോദിച്ചത്. ഇന്ത്യൻ ക്യാപ്റ്റന് ചോദ്യം അത്ര രസിച്ചില്ലെങ്കിലും ദേഷ്യം അടക്കിവച്ച് കോഹ്‌ലി മറുപടി കൊടുത്തു. ‘ഞങ്ങൾ മികച്ച ടീമാണെന്ന് തന്നെയാണ് വിശ്വാസം. എന്തുകൊണ്ട് അങ്ങനെയല്ല?’, കോഹ്‌ലി ചോദിച്ചു.

Read: ‘കൈപുണ്യമുളള കുക്ക്’; ജയത്തോടെ ഗംഭീര യാത്രയയപ്പ് നല്‍കി ഇംഗ്ലണ്ട്; ഇന്ത്യന്‍ പരാജയം സമ്പൂര്‍ണം

എന്നാൽ റിപ്പോർട്ടർ വിട്ടുകൊടുക്കാൻ തയ്യാറായില്ല. രണ്ടാമത്തെ ചോദ്യം ഇന്ത്യൻ നായകനെ ശരിക്കും ചൊടിപ്പിച്ചു. ’15 വർഷത്തിനിടെ മികച്ച ഇന്ത്യൻ ടീം’? റിപ്പോർട്ടർ ചോദിച്ചു. ഇതുകേട്ടതും കോഹ്‌ലി ദേഷ്യത്തോടെ ചോദിച്ചു, ‘നിങ്ങളെന്താണ് ചിന്തിക്കുന്നത്’. ‘എനിക്കതിൽ ഉറപ്പില്ലെ’ന്നായിരുന്നു റിപ്പോർട്ടറുടെ മറുപടി. കൂടുതൽ മറുപടി നൽകാതെ ‘അത് നിങ്ങളുടെ അഭിപ്രായം, നന്ദി’ എന്നു പറഞ്ഞാണ് കോഹ്‌ലി സംവാദം അവസാനിപ്പിച്ചത്.

ടീമിൽ തുടർച്ചയായി മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ താരങ്ങൾ അസന്തുഷ്ടരാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ താനും ടീം മാനേജ്മെന്റും മാറ്റങ്ങൾ വരുത്താനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് അധികൃതരോട് സംസാരിച്ചിരുന്നുവെന്ന് കോഹ്‌ലി വ്യക്തമാക്കി.

തന്റെ ടീമിനെ മുൻ ക്യാപ്റ്റന്മാരുടെ ടീമുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ചും കോഹ്‌ലി പ്രതികരിച്ചു. ”ഇത്തരത്തിലുളള താരതമ്യം തന്റെ ടീമിന്റെ എനർജി നഷ്ടപ്പെടുത്തില്ല. ഇനിയും ജയത്തിനായുളള പോരാട്ടം തുടരും. ഇതിനു മുൻപുളള ടീമുകൾക്കും ഇത്തരത്തിൽ പലതവണ നിരാശരാവേണ്ടി വന്നിട്ടുണ്ട്. എന്നാൽ തന്റെ ക്യാപ്റ്റൻസിയിൽ അത്തരത്തിലൊന്ന് ഉണ്ടാവാൻ സമ്മതിക്കില്ലെ”ന്നും കോഹ്‌ലി പറഞ്ഞു.

ദക്ഷിണാഫ്രിക്കയിൽ 2-1 നുളള ടെസ്റ്റ് തോൽവിയും ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ 4- 1 നുളള തോൽവിയും വിദേശമണ്ണിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തെ ചോദ്യം ചെയ്യുന്നുണ്ട്. ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ കോഹ്‌ലിക്കുനേരെയും ചോദ്യങ്ങൾ ഉയരുന്നുണ്ട്. കോഹ്‌ലിയുടെ നേതൃത്വത്തിലുളള ഇന്ത്യൻ ടീമിന് വിദേശ മണ്ണിൽ റിസൽട്ടുകൾ ഉണ്ടാക്കുവാൻ ഇനി സാധിക്കുമോയെന്നാണ് പ്രധാനമായും ചോദിക്കുന്നത്. എന്നാൽ തന്റെ ടീമിന് അതിനുളള കരുത്തുണ്ടെന്നാണ് കോഹ്‌ലിയുടെ വാദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook