ന്യൂഡല്‍ഹി : ബിസിസിഐയുടെ അനുമതി ലഭിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനി ബിസിനസ് ക്ലാസില്‍ പറക്കാം. നേരത്തേ വിമാനയാത്രകള്‍ക്കിടയില്‍ ആരാധകരെ നിയന്ത്രിക്കാനാകുന്നില്ല എന്നും ഉയരം കൂടിയവര്‍ക്ക് കാലുവെക്കാന്‍ ഇടമില്ല എന്നുമടക്കം പല പരാതികളുമായി താരങ്ങള്‍ മുന്നോട്ടുവന്നിരുന്നു. ഈ പരാതികള്‍ പരിശോധിച്ച ശേഷമാണ് ബിസിസിഐ താരങ്ങള്‍ക്ക് ബിസിനസ് ക്ലാസിലും സഞ്ചരിക്കാനുള്ള അനുമതി നല്‍കുന്നത്.

അതിനിടയില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി ബിസിസിഐ ഇന്ത്യന്‍ ടീമിനായി സ്വന്തമായി വിമാനം വാങ്ങണം എന്നുമുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ” ബിസിസിഐ ഇപ്പോള്‍ ധാരാളം പണം ഉണ്ടാക്കുന്നുണ്ട്. സ്വന്തമായി വിമാനം വാങ്ങുവാന്‍ ഇപ്പോള്‍ അവര്‍ക്ക് സാധിക്കും. അത് കുറെ സമയം ലാഭമാക്കും എന്ന്‍ മാത്രമല്ല. കാര്യങ്ങള്‍ എളുപ്പവുമാക്കും. അതിനുള്ള കാശ് ബിസിസിഐയുടെ കൈവശമുണ്ട്. അവരത് അഞ്ച് വര്‍ഷം മുന്‍പ് ചെയ്യണമായിരുന്നു. ” കപില്‍ദേവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

“ക്രിക്കറ്റ് താരങ്ങള്‍ സ്വന്തമായി വിമാനം വാങ്ങുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അമേരിക്കയിലെ ഗോള്‍ഫ് താരങ്ങള്‍ക്ക് സ്വന്തമായി വിമാനമുണ്ട്. ഒരുപാട് സമയം ലാഭിക്കുന്ന ഒരു വിമാനം വാങ്ങാന്‍ താരങ്ങള്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. ഇനി ബിസിസിഐക്ക് സ്വന്തമായി വിമാനങ്ങള്‍ ഉണ്ട് എങ്കില്‍ താരങ്ങള്‍ക്ക് വിശ്രമിക്കാനും കൂടുതല്‍ സമയം ലഭിക്കും.” കപില്‍ദേവ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ