അതിവേഗം തന്നെ ക്രിക്കറ്റ് ലോകം ഇതുവരെ കണ്ട മികച്ച നായകന്മാരുടെ പട്ടികയിൽ തന്റെ പേരും എഴുതി ചേർത്തിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. മൂന്ന് ഫോർമാറ്റിലും മിന്നും പ്രകടനമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പുറത്തെടുക്കുന്നത്, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യൻ ടീമിന് തല കുനിക്കേണ്ടി വന്നട്ടില്ല. ബംഗ്ലാദേശിനെതിരെ കൊൽക്കത്തയിൽ നടന്ന ടെസ്റ്റിലും ഇന്നിങ്സിനും 46 റൺസിനും സന്ദർശകരെ പരാജയപ്പെടുത്തി ഒരിക്കൽ കൂടി കോഹ്‌ലിപ്പട കരുത്ത് കാട്ടി. പരമ്പര ജയം മാത്രമല്ല നായകനെന്ന നിലയിലും വ്യക്തിപരമായും ഒരുപിടി റെക്കോർഡുകളും കോഹ്‌ലി തിരുത്തിയെഴുതി.

സ്വന്തം മണ്ണിൽ ഇന്ത്യ നേടുന്ന തുടർച്ചയായ 12-ാം ടെസ്റ്റ് പരമ്പര ജയമാണിത്. 2012ന് ശേഷം ഒരിക്കൽ പോലും ഇന്ത്യയ്ക്ക് ഇവിടെ തോൽവിയറിയേണ്ടി വന്നട്ടില്ല. ഇന്ത്യയിലും വിദേശത്തുമായ നടന്ന കഴിഞ്ഞ ഏഴ് പരമ്പരകളും ഇന്ത്യയ്ക്ക് ചിരി സമ്മാനിച്ചവയായിരുന്നു. തുടർച്ചയായി നാലു ഇന്നിങ്സ് ജയം നേടുന്ന ആദ്യ ടീമായും ഇന്ത്യ മാറി. ഈ നേട്ടത്തിലെത്തുന്ന ആദ്യ നായകനായി വിരാട് കോഹ്‌ലിയും.

Also Read: തുടർച്ചയായ നാലാം ഇന്നിങ്സ് ജയം; റെക്കോർഡുകൾ പഴങ്കഥയാക്കി ഇന്ത്യയുടെ അപരാജിത കുതിപ്പ്

2013ൽ ധോണിയുടെ നായകത്വത്തിൽ ഇന്ത്യ തുടർച്ചയായി ആറു പരമ്പരകൾ ജയിച്ചിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പര ജയത്തോടെ ഏഴ് പരമ്പരകളുമായി ആ നേട്ടം കോഹ്‌ലി തന്റെ പേരിലാക്കി. ഏറ്റവും കൂടുതൽ ഇന്നിങ്സ് ജയം നേടുന്ന ഇന്ത്യൻ നായകനും വിരാട് കോഹ്‌ലിയായി. 11 മത്സരങ്ങളിലാണ് വിരാട് കോഹ്‌ലിയും സംഘവും ഇന്നിങ്സ് ജയം സ്വന്തമാക്കിയത്. പിന്നിലുള്ള ധോണി 9 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയമൊരുക്കി.

ബംഗ്ലാദേശിനെതിരെ കൊൽക്കത്തയിൽ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ചുറി തികച്ച് ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ സെഞ്ചുറി നേട്ടം 27 ആക്കി ഇന്ത്യൻ നായകൻ. ആകെ 70 സെഞ്ചുറികളാണ് ഇപ്പോൾ ഇന്ത്യൻ നായകന്റെ അക്കൗണ്ടിലുള്ളത്. 59 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച കോഹ്‌ലി രണ്ടാം ദിനം അനായാസം സെഞ്ചുറിയിലേക്ക് ബാറ്റു വീശുകയായിരുന്നു. 194 പന്തിൽ 18 ബൗണ്ടറികളടക്കം 136 റൺസ് നേടിയ ശേഷമാണ് താരം ക്രീസ് വിട്ടത്.

Also Read: പിങ്ക് ബോള്‍ ക്രിക്കറ്റില്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരന്‍ രാഹുല്‍ ദ്രാവിഡ് !

നായകനെന്ന നിലയിൽ 20-ാം സെഞ്ചുറി തികച്ച കോഹ്‌ലി, ഓസിസ് ഇതിഹാസം റിക്കി പോണ്ടിങ്ങിന്റെ റെക്കോർഡാണ് തിരുത്തിയത്. നായകനെന്ന നിലയിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയിൽ കോഹ്‌ലി രണ്ടാം സ്ഥാനത്തെത്തി. 25 സെഞ്ചുറികളുള്ള ഗ്രെയിംം സ്മിത്താണ് പട്ടികയിൽ മുന്നിൽ.

നായകനെന്ന നിലയിൽ എല്ലാ ഫോർമാറ്റുകളിലുമായി 41 സെഞ്ചുറികളാണ് വിരാട് കോഹ്‌ലിയുടെ പേരിലുള്ളത്. ഈ പട്ടികയിലും ഒന്നാം സ്ഥാനത്തെത്താൻ കോഹ്‌ലിക്കായി. 41 സെഞ്ചുറികൾ തന്നെയുള്ള റിക്കി പോണ്ടിങ്ങിനൊപ്പം കോഹ്‌ലി നേട്ടം പങ്കിടും. എന്നാൽ 41 സെഞ്ചുറികളിലേക്കെത്താൻ പോണ്ടിങ്ങിന് വേണ്ടിവന്നത് 376 ഇന്നിങ്സാണ്. കോഹ്‌ലി തന്റെ 188 ഇന്നിങ്സിൽ 41 സെഞ്ചുറികൾ തികയ്ക്കുകയും ചെയ്തു.

Also Read: ബോളർ വരെ കയ്യടിച്ച വിരാട് കോഹ്‌ലിയുടെ ക്ലാസിക് കവർ ഡ്രൈവ്

അതിവേഗം 27 ടെസ്റ്റ് സെഞ്ചുറികൾ തികയ്ക്കുന്ന രണ്ടാമത്തെ താരമായും കോഹ്‌ലി മാറി. 70 സെഞ്ചുറികൾ അതിവേഗം തികയ്ക്കുന്ന താരവും കോഹ്‌ലി തന്നെ. എല്ലാ ഫോർമാറ്റുകളിലുമായി 439 ഇന്നിങ്സുകളിൽ നിന്നാണ് താരം 70 സെഞ്ചുറിയിലെത്തിയത്. രണ്ടാം സ്ഥാനത്തുള്ള സച്ചിൻ 505 ഇന്നിങ്സുകളിൽ നിന്നും മൂന്നാം സ്ഥാനത്തുള്ള റിക്കി പോണ്ടിങ്ങ് 649 ഇന്നിങ്സുകളിൽ നിന്നുമാണ് 70 സെഞ്ചുറികളിലെത്തിയത്.

ക്യാപ്റ്റനെന്ന നിലയിൽ ടെസ്റ്റ് ക്രിക്കറ്റിൽ 5,000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ കോഹ്‌ലി സ്വന്തമാക്കി. കൊൽക്കത്തയിൽ നടക്കുന്ന ആദ്യ ഡേ നൈറ്റ് മത്സരത്തോടെയാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയെ നയിച്ച 53-ാം ടെസ്റ്റിലാണ് കോഹ്‌ലിയുടെ ചരിത്ര നേട്ടം. രാജ്യാന്തര തലത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ താരമാണ് കോഹ്‌ലി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook