കൊൽക്കത്ത: ഇന്ത്യയ്ക്ക് അകത്തും പുറത്തും സമീപകാലത്ത് ഏറ്റവും അധികം ആരാധകരെ നേടിയെടുത്ത താരമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി. 2017 ലെ ഐസിസിയുടെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയെടുത്ത ഈ താരം ടെസ്റ്റ് ക്രിക്കറ്റിൽ 21 സെഞ്ചുറികളും ഏകദിനത്തിൽ 35 സെഞ്ചുറികളും നേടിയെടുത്തിട്ടുണ്ട്.

അനുഷ്‌ക ശർമ്മയുമായുളള വിവാഹശേഷം നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മികച്ച ഫോമിൽ ബാറ്റ് വീശിയിരുന്ന ഇന്ത്യൻ താരം പിന്നാലെ വന്ന ശ്രീലങ്കൻ പര്യടനത്തിൽ നിന്ന് അവധി വാങ്ങിയിരിക്കുകയാണ്. ക്രീസിലില്ലെങ്കിലും വിരാട് കോഹ്‌ലിയുടെ താരപ്രതിഭയ്ക്ക് അതൊരു മങ്ങലും ഏൽപ്പിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം നടന്ന വെസ്റ്റ് ബംഗാൾ ബോർഡ് പത്താം ക്ലാസ് പരീക്ഷയ്ക്ക് ഇംഗ്ലീഷ് പാഠഭാഗത്തിൽ വിരാട് കോഹ്‌ലിയും ഒരു ചോദ്യമായി വന്നത് ഏവരെയും അമ്പരപ്പിച്ചു.

വിരാട് കോഹ്‌ലിയെ കുറിച്ചുളള അടിസ്ഥാന വിവരങ്ങളിൽ ചിലത് നൽകിയ ശേഷം അദ്ദേഹത്തിന്റെ ഹ്രസ്വമായ ജീവചരിത്രം എഴുതാനായിരുന്നു ചോദ്യം. തങ്ങളുടെ ഇഷ്ടതാരത്തെ കുറിച്ചുളള ചോദ്യം വളരെ ആവേശത്തോടെ വിദ്യാർത്ഥികൾ എഴുതിയതായാണ് റിപ്പോർട്ട്.

11 ലക്ഷം വിദ്യാർത്ഥികളാണ് വെസ്റ്റ് ബംഗാളിൽ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. അതേസമയം പരീക്ഷയിൽ വിരാട് കോഹ്‌ലിയെ കുറിച്ച് ചോദ്യം തയ്യാറാക്കിയതിനെ തൃണമൂൽ കോൺഗ്രസ് എംഎൽഎ ലക്ഷ്മി രത്തൻ ശുക്ല അഭിനന്ദിച്ചു. ഏപ്രിലിൽ ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തുന്ന വിരാട് കോഹ്‌ലി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി കളിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ