സമകാലീന ക്രിക്കറ്റിലെ അതുല്യ പ്രതിഭയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഒരേപോലെ തിളങ്ങാൻ കഴിവുള്ള താരം പല റെക്കോർഡുകളും പഴങ്കഥയാക്കികൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഓസിസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെല്ലിന് മുന്നിൽ വിരാട് കോഹ്‌ലി ചലഞ്ചുമായി ഓസിസ് പരിശീലകൻ ജസ്റ്റിൻ ലാംഗർ എത്തിയിരിക്കുന്നത്.

വിരാട് കോഹ്‌ലിയെപോലെ കളിക്കാൻ സാധിക്കുന്ന താരമാണ് ഗ്ലെൻ മാക്സ്‌വെല്ലെന്നാണ് ലാംഗറുടെ പക്ഷം. ടി20 ക്രിക്കറ്റിൽ മാക്സ്‌വെൽ അത് തെളിയിച്ചതാണെന്നും ഇനി ഏകദിന ക്രിക്കറ്റിലും പിന്നീട് ടെസ്റ്റ് ക്രിക്കറ്റിലും മികച്ച താരമാകാനും മാക്സ്‌വെല്ലിനോട് ആവശ്യപ്പെടുകയാണ് മുൻ ഓസിസ് താരം കൂടിയായ ജസ്റ്റിൻ ലാംഗർ.

“വിരാട് കോഹ്‌ലി മികച്ച ബാറ്റ്സ്മാനാണ്. ഏകദിന ക്രിക്കറ്റിൽ 60 ആണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. നിലവിൽ 99 ഏകദിനങ്ങളിൽ നിന്ന് മാക്സ്‌വെല്ലിന്റെ ബാറ്റിങ് ശരാശരി മുപ്പത്തിരണ്ടോ മുപ്പത്തിമൂന്നോ ആണ്. വിരാട് കോഹ്‌ലിയാകാൻ മാക്സ്‌വെല്ലിന് കഴിയും. അതിനുള്ള കഴിവ് അയാൾക്കുണ്ട്. ” ജസ്റ്റിൻ ലാംഗർ പറഞ്ഞു.

മാക്സ്‌വെല്ലിന് മുന്നിലുള്ള അടുത്ത ചലഞ്ച് ഇതാണ്. ഏകദിനത്തിലും മികച്ച പ്രകടനം പുറത്തെടുക്കുക. പിന്നീട് ടെസ്റ്റ് ക്രിക്കറ്റിലും കഴിവ് തെളിയിക്കുക, ജസ്റ്റിൻ ലാംഗർ കൂട്ടിച്ചേർത്തു. 2019 ലോകകപ്പിൽ ഓസ്ട്രേലിയയുടെ പ്രധാന കരുത്തിൽ ഒന്ന് മാക്സ്‌വെല്ലാണ്. കിരീടം നിലനിർത്താനാണ് ഇത്തവണ ഓസ്ട്രേലിയ ക്രിക്കറ്റ് ലോകകപ്പിൽ ഇറങ്ങുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook