കൊൽക്കത്ത: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് സെഞ്ചുറി. 119 പന്തുകളിൽനിന്നാണ് കോഹ്‌ലി സെഞ്ചുറി (104) നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ കോഹ്‌ലിയുടെ 18-ാം സെഞ്ചുറിയാണിത്. കരിയറിൽ കോഹ്‌ലിയുടെ 50-ാം സെഞ്ചുറിയും. ഏകദിനത്തിൽ 32 സെഞ്ചുറിയും ടെസ്റ്റിൽ 18 സെഞ്ചുറികളുമാണ് കോഹ്‌ലി അടിച്ചു കൂട്ടിയത്. കൊൽക്കത്ത ടെസ്റ്റിന്റെ അവസാനദിനം ഇന്ത്യൻ നായകന്റെ കരുത്തിൽ ഇന്ത്യ 230 റൺസിന്റെ ലീഡ് നേടി. വിരാട് കോഹ്‌ലി സെഞ്ചുറി നേടിയതിന് പിന്നാലെ ഇന്ത്യ ഡിക്ലയർ ചെയ്തു.

അവസാന ദിനത്തിൽ ശ്രീലങ്കയെ വിരാട് കോഹ്‌ലി ഒറ്റയ്ക്കാണ് പ്രതിരോധിച്ചത്. സുരങ്ക ലക്മലിനെയും ശനകയെയും വിദഗ്‌ധമായി നേരിട്ട കോഹ്‌ലി ഇന്ത്യയെ തകരാതെ കാത്തു. പൂജാരയും, രഹാനയും ജഡേജയും പെട്ടെന്ന് മടങ്ങിയപ്പോൾ കോഹ്‌ലി ലങ്കൻ ബോളർമാരെ കടന്നാക്രമിച്ചു. ഫാസ്റ്റ് ബോളർ സുരങ്ക ലക്മലിന്റെ പന്ത് ലോങ്ങോണിന് മുകളിലൂടെ പറത്തിയാണ് വിരാട് കോഹ്‌ലി മൂന്നക്കം പിന്നിട്ടത്. 12 ഫോറുകളും 2 തകർപ്പൻ സിക്സറുകളും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്സ്.

ഓപ്പണർമാരായ കെ.എൽ.രാഹുൽ (79), ശിഖർ ധവാൻ (94), ചേതേശ്വർ പൂജാര (22) എന്നിവർ മികച്ച പ്രകടനമാണ് രണ്ടാം ഇന്നിങ്സിൽ പുറത്തെടുത്തത്. നാലാം ദിനം പേസർമാരുടെ കരുത്തിൽ ശ്രീലങ്കയെ 294 റൺസിനു ഇന്ത്യ പുറത്താക്കിയിരുന്നു. നാലു വിക്കറ്റിന് 165 എന്ന സ്കോറുമായി നാലാം ദിനം കളി ആരംഭിച്ച ലങ്ക 200 സ്കോർ എത്തുന്നതുവരെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. പിന്നീടായിരുന്നു ഇന്ത്യൻ പേസർമാരുടെ കരുത്തിൽ ലങ്കൻ താരങ്ങൾ ഓരോന്നായി വീണത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ