അഡ്‌ലെയ്ഡിൽ കരിയറിലെ 39-ാം സെഞ്ചുറി തികച്ച വിരാട് കോഹ്‌ലി ടീമിന്റെ ജയത്തിലും നെടുതൂണായി. 299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ മുന്നിൽനിന്ന് നയിച്ച് കോഹ്‌ലി നായകന്റെ റോൾ ഭംഗിയായി പൂർത്തിയാക്കി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഇന്ത്യ 1-1 ന് ഒപ്പമെത്തി.

അഡ്‌ലെയ്ഡ് ഏകദിനത്തോടെ ജനുവരി 15 കോഹ്‌ലിയുടെ ഭാഗ്യദിനം കൂടിയായി മാറിയിരിക്കുകയാണ്. ജനുവരി 15 ന് 39-ാം സെഞ്ചുറി കുറിച്ച കോഹ്‌ലി തുടർച്ചയായ മൂന്നു വർഷങ്ങളിൽ ഇതേ ദിവസമാണ് സെഞ്ചുറി നേട്ടം കൈവരിച്ചത്. 2017 ലായിരുന്നു ഈ ട്രെൻഡിന് തുടക്കമായത്. 2017 ജനുവരി 15 ന് പുണെയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന മത്സരത്തിൽ കോഹ്‌ലി സെഞ്ചുറി നേടി. 105 ബോളിൽനിന്നും 122 റൺസാണ് കോഹ്‌ലി നേടിയത്. ഈ മത്സരത്തിൽ മറ്റൊരു നേട്ടവും കോഹ്‌ലി കൈവരിച്ചു. ഏകദിനത്തിൽ അതിവേഗം 27 സെഞ്ചുറികൾ നേടുന്ന ബാറ്റ്സ്മാൻ എന്ന നേട്ടമാണ് കോഹ്‌ലി സ്വന്തം പേരിലാക്കിയത്.

Read: ഈ ഫോമിലാണെങ്കിൽ കോഹ്‌ലി സെഞ്ചുറിയിൽ 100 തികയ്ക്കുമെന്ന് ഇന്ത്യൻ മുൻ നായകൻ

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു 2018 ലെ കോഹ്‌ലിയുടെ സെഞ്ചുറി. അതും ജനുവരി 15 നായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനത്തിലായിരുന്നു കോഹ്‌ലി സെഞ്ചുറി നേടിയത്. 153 റൺസുമായാണ് കോഹ്‌ലി കളം വിട്ടത്.

അഡ്‌ലെയ്ഡ് ഏകദിനത്തിൽ കോഹ്‌ലി സെഞ്ചുറി തികച്ചതും ജനുവരി 15 നായിരുന്നു. ഇതോടെയാണ് ജനുവരി 15 കോഹ്‌ലിയുടെ ഭാഗ്യദിനമെന്ന് ആരാധകർ കരുതി തുടങ്ങിയത്. നിരവധി പേരാണ് ജനുവരി 15 ലെ കോഹ്‌ലിയുടെ തുടർച്ചയായുള്ള മൂന്നു സെഞ്ചുറികളെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

രണ്ടാം മത്സരത്തിൽ തുടക്കത്തിൽ ശിഖർ ധവാനെയും പിന്നാലെ ക്രീസിൽ നിലയുറപ്പിക്കുന്നതിനിടയിൽ രോഹിതിനെയും നഷ്ടപ്പെട്ട ഇന്ത്യയെ വിജയക്കരയ്ക്ക് എത്തിച്ചത് കോഹ്‍ലിയുടെ സെഞ്ചുറി പ്രകടനമാണ്. 112 പന്തിൽ നിന്ന് 104 റൺസായിരുന്നു കോഹ്‍ലിയുടെ സമ്പാദ്യം. രണ്ട് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു കോഹ്‍ലിയുടെ ഇന്നിങ്സ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook