Latest News

ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കോഹ്‌ലി നായകസ്ഥാനം ഉപേക്ഷിച്ചേക്കും: രവി ശാസ്ത്രി

കോവിഡ് സമയത്ത് ടീമിന് വ്യത്യസ്ത നായകന്മാർ ഉണ്ടാകുന്നത് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി

Virat Kohli
ഫൊട്ടോ: ഫേസ്ബുക്ക്/ഇന്ത്യൻ ക്രിക്കറ്റ് ടീം

അമിത ജോലിഭാരത്തെ തുടർന്ന് ടി20 നായകസ്ഥാനം ഉപേക്ഷിച്ച കോഹ്‌ലി ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻസിയും ഉപേക്ഷിച്ചേക്കുമെന്ന് രവി ശാസ്ത്രി. ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കോഹ്‌ലി അത്തരമൊരു തീരുമാനമെടുത്തേക്കുമെന്ന് ലോകകപ്പിന് ശേഷം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനമൊഴിഞ്ഞ ശാസ്ത്രി പറഞ്ഞു.

ടി20 ലോകകപ്പിന് ശേഷം നായകസ്ഥാനം ഒഴിഞ്ഞ കോഹ്‌ലിക്ക് ന്യൂസിലൻഡിന് എതിരെയുള്ള ടി20 പരമ്പരയിൽ നിന്നും ടെസ്റ്റ് പരമ്പരയിൽ നിന്നും വിശ്രമം അനുവദിച്ചിരുന്നു. കോവിഡ് കാരണം തുടർച്ചയായി ബയോ ബബിളിൽ കളിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് വിശ്രമം അനുവദിച്ചത്.

“റെഡ് ബോൾ ക്രിക്കറ്റിൽ കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിലൂടെ ഇന്ത്യ ഒന്നാമതാണ്. എന്നാൽ അയാൾ അത് ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നു, തന്റെ ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അയാൾ പറയുന്നു. സമീപഭാവിയിൽ അത് സംഭവിച്ചേക്കും.”

“ഇത് ചിലപ്പോൾ ഉടനടി ഉണ്ടായേക്കില്ല, പക്ഷേ അത് സംഭവിക്കും. വൈറ്റ് ബോൾ ക്രിക്കറ്റിലും ഇതുതന്നെ സംഭവിക്കാം, തനിക്ക് മതിയായെന്നും ടെസ്റ്റ് ക്യാപ്റ്റൻസിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞേക്കാം. അദ്ദേഹത്തിന്റെ മനസ്സും ശരീരവുമായിരിക്കും ആ തീരുമാനം എടുക്കുക.”

“നിരവധി താരങ്ങൾ ബാറ്റിങ്ങിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ നായകസ്ഥാനം ഉപേക്ഷിച്ചിട്ടുണ്ട്” ശാസ്ത്രി പറഞ്ഞു. ടീമിലെ ഏറ്റവും ശാരീരിക ക്ഷമതയുള്ള താരം കോഹ്‌ലി ആണെന്നും ശാസ്ത്രി വ്യക്തമാക്കി.

ബയോ ബബിൾ തീർത്ത സമ്മർദ്ദങ്ങളിൽ നിന്നും കരകയറാൻ കോഹ്‌ലി ഉൾപ്പെടെയുള്ള താരങ്ങൾ വലിയ ഇടവേളകൾ എടുത്തേക്കുമെന്നും ശാസ്ത്രി പറഞ്ഞു. കോവിഡ് സമയത്ത് ടീമിന് വ്യത്യസ്ത നായകന്മാർ ഉണ്ടാകുന്നത് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: രഹാനെ നയിക്കും; ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

അതേസമയം, ഐപിഎല്ലിനുശേഷം ലോകകപ്പ് കളിക്കേണ്ടി വന്നത് ടീമിനെ ബാധിച്ചുവെന്നത് ശാസ്ത്രി ആവർത്തിച്ചു. എന്നാൽ അതിനു ബിസിസിഐയെ കുറ്റം പറയാനാകില്ലെന്നും കോവിഡ് മൂലമാണ് അങ്ങനെ സംഭവിച്ചതെന്നും ശാസ്ത്രി പറഞ്ഞു.

കപിൽ ദേവ് പറഞ്ഞതുപോലെ കളിക്കാർ ഐപിഎല്ലിന് കൂടുതൽ മുൻഗണന നൽകുന്നുണ്ടോയെന്ന ചോദ്യത്തിന്, മത്സരക്രമം സംബന്ധിച്ച് കപിൽദേവ് പറഞ്ഞത് ശരിയായിരുന്നുവെന്ന് ശാസ്ത്രി പറഞ്ഞു. ബിസിസിഐ ഉൾപ്പെടെ എല്ലാവരും അതിൽ ശ്രദ്ധിക്കണമെന്നും ഇന്ത്യ മറ്റു ടീമുകളെ അപേക്ഷിച്ച് കൂടുതൽ മത്സരങ്ങൾ കളിക്കുന്നുണ്ടെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.

നാളെ ഫൈനൽ കളിക്കുന്ന ഓസ്‌ട്രേലിയയും ന്യൂസിലൻഡും കഴിഞ്ഞ ആറ് മാസങ്ങളിൽ വളരെ കുറച്ച് മത്സരങ്ങളാണ് കളിച്ചതെന്നും അതുകൊണ്ട് തന്നെ അവർക്ക് വിശ്രമിക്കാൻ ആവശ്യത്തിന് സമയം ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Virat kohli captaincy other formats batting ravi shastri

Next Story
ഡോക്‌ടറേറ്റ് വെറുതെ വേണ്ട, ഗവേഷണം നടത്തി നേടിക്കൊള്ളാമെന്ന് രാഹുൽ ദ്രാവിഡ്Rahul Dravid
The moderation of comments is automated and not cleared manually by malayalam.indianexpress.com