അഡ്‍ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ജയിച്ചുകൊണ്ട് ഇന്ത്യ ഓസിസ് മണ്ണിൽ ചരിത്രമെഴുതിയിരിക്കുകയാണ്. പത്ത് വർഷത്തിന് ശേഷമാണ് ഇന്ത്യ ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്. ഒരു പതിറ്റാണ്ടിന് ശേഷമുള്ള ഇന്ത്യയുടെ തിരിച്ചടിക്ക് വിരാട് കോഹ്‍ലി എന്ന നായകന്റെ മികവും കാരണമാണ്. ചരിത്ര വിജയത്തോടൊപ്പം കോഹ്‍ലിയും ചരിത്രത്തിന്റെ ഭാഗമാവുകയാണ്.
ടെസ്റ്റ് ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്ട്രേലിയെയും ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയെയും അവരുടെ നാട്ടിൽ പോയി കീഴടക്കുന്ന ആദ്യ ഇന്ത്യൻ നായകനായി മാറിയിരിക്കുകയാണ് വിരാട് കോഹ്‍ലി. രാഹുൽ ദ്രാവിഡും എം.എസ്.ധോണിയും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് മത്സരം ജയിച്ചിട്ടുണ്ടെങ്കിലും ഓസ്ട്രേലിയയിൽ വിജയം ആഘോഷിക്കാൻ അവർക്കായിട്ടില്ല.
പാക്കിസ്ഥാന്റെ 1978-1979 ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം ഒരു ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരത്തിൽ ജയം ആഘോഷിക്കുന്ന ഏഷ്യയിൽ നിന്നുള്ള ആദ്യ നായകനായും കോഹ്‍ലി മാറി. ഈ നേട്ടം ടീമിനുംകൂടെ അവകാശപ്പെട്ടതാണ്.
ടോസ് വിജയം അനുകൂലമാക്കുന്ന ഏറ്റവും മികച്ച നായകനെന്ന പട്ടവും കോഹ്‍ലിക്ക് സ്വന്തമാണ്. 20 ടെസ്റ്റ് മത്സരങ്ങളിൽ ടോസ് നേടിയ കോഹ്‍ലി 16 മത്സരങ്ങളിലും ഇന്ത്യയെ വിജയത്തിലെത്തിച്ചു. മൂന്ന് മത്സരങ്ങൾ സമനിലയിലും കലാശിച്ചു. ഇക്കാര്യത്തിൽ സാക്ഷാൽ ഡോൺ ബ്രാഡ്മാന് മുന്നിലാണ് കോഹ്‍ലി. പത്ത് മത്സരങ്ങളിൽ ടോസ് നേടിയിട്ടുള്ള ബ്രാഡ്മാൻ ഒമ്പത് മത്സരങ്ങളും വിജയിപ്പിച്ചു.