മുംബൈ: ആഡംബര അപ്പാർട്മെന്റ് വേണ്ടെന്നുവച്ച് വിരാട് കോഹ്‌ലി. മുംബൈ വോർലി ഏരിയയിലെ ഓംകർ 1973 ടവറിലെ 35-ാമത്തെ നിലയിലെ അപ്പാർട്മെന്റാണ് 34 കോടി രൂപയ്ക്ക് കോഹ്‌ലി വാങ്ങിയത്. 2016 ജൂണിലാണ് കോഹ്‌ലി 7,171 സ്ക്വയർ ഫീറ്റുളള ഈ ആഡംബര അപ്പാർട്മെന്റ് സ്വന്തമാക്കിയത്. പക്ഷേ ഈ അപ്പാർട്മെന്റ് വാങ്ങിയ കരാർ കോഹ്‌ലി ഇപ്പോൾ റദ്ദാക്കിയിരിക്കുകയാണ്.

ഓംകർ റിയൽട്ടോർസ് ആന്റ് ഡെവലപ്പേഴ്സ് ആണ് ഈ പ്രോജക്ട് ചെയ്യുന്നത്. കോഹ്‌ലി കരാർ റദ്ദാക്കിയതായി കമ്പനിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. അടുത്തിടെ കോഹ്‌ലി പ്രതിമാസം 15 ലക്ഷം രൂപയ്ക്ക് ഒരു അപ്പാർടെമെന്റ് വാടകയ്ക്ക് എടുത്തിരുന്നു. ഇതാണ് 34 കോടി രൂപയുടെ ആഡംബര അപ്പാർട്മെന്റ് കോഹ്‌ലി വേണ്ടെന്നു വച്ചതിന്റെ കാരണമായി കമ്പനിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

വാടക അപ്പാർട്മെന്റിൽനിന്നുളള ചിത്രം കോഹ്‌ലി അടുത്തിടെ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

മുംബൈയിലെ ഡോ.ആനി ബസന്ത് റോഡിലെ റെഹേജ ലെജൻഡിലെ ആഡംബര അപ്പാർട്മെന്റിലാണ് കോഹ്‌ലി ഇപ്പോൾ താമസിക്കുന്നത്. 40-ാമത്തെ നിലയിലാണ് കോഹ്‌ലിയുടെ അപ്പാർട്മെന്റുളളത്. പ്രതിമാസം 15 ലക്ഷം രൂപയാണ് കോഹ്‌ലി വാടകയായി നൽകുന്നത്. 2017 ഡിസംബർ 15 നാണ് കോഹ്‌ലി ഈ അപ്പാർട്മെന്റ് വാടകയ്ക്ക് എടുത്തതെന്നാണ് റിപ്പോർട്ടുകൾ. 2 വർഷവും 16 ദിവസവുമാണ് വാടക കാലാവധി. ഒന്നരക്കോടിയാണ് കോഹ്‌ലി ഡെപ്പോസിറ്റായി നൽകിയിട്ടുളളത്.

അനുഷ്കയുമായുളള വിവാഹശേഷം വോർലിയിൽ 34 കോടി രൂപയ്ക്ക് വാങ്ങിയ അപ്പാർട്മെന്റിലേക്ക് കോഹ്‌ലി താമസം മാറുമെന്നായിരുന്നു എവരും കരുതിയിരുന്നത്. എന്നാൽ കോഹ്‌ലി സ്വന്തം വീട്ടിലേക്ക് താമസം മാറിയില്ല. ഓംകർ 1973 യിലുളള അപ്പാർട്മെന്റിൽ അറ്റകുറ്റ പണികൾ തീരാത്തതിനാലാണ് കോഹ്‌ലിയും അനുഷ്കയും വാടക ഫ്ലാറ്റിലേക്ക് താമസം മാറിയതെന്നായിരുന്നു റിപ്പോർട്ടുകൾ. അറ്റകുറ്റ പണികൾ വൈകുന്നതിലെ കാലതാമസമാണോ കോഹ്‌ലി ഇപ്പോൾ കരാർ റദ്ദാക്കിയതിനു പിന്നിലെന്നും സംശയമുണ്ട്.

വിരാട് കോഹ്‌ലിക്ക് പുറമേ യുവരാജ് സിങ്ങും 64 കോടി രൂപയ്ക്ക് വോർലി ഏരിയയിലെ ഓംകർ 1973 ടവറിലുളള മറ്റൊരു അപ്പാർട്മെന്റ് വാങ്ങിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ