മുംബൈ: ഏകദിന ക്രിക്കറ്റിലെ തുടര്‍ച്ചയായ വിജയം നേടുന്ന ടീമിന്റെ നായകനെന്ന മഹേന്ദ്രസിംഗ് ധോണിയുടെ റെക്കോര്‍ഡിനൊപ്പം എത്താന്‍ വിരാട് കോഹ്ലിക്ക് ഒരു വിജയം മാത്രം അകലം. ഓസ്ട്രേലിയയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ജയിച്ചാല്‍ നായകനെന്ന നിലയില്‍ ധോണി നേടിയ നേട്ടത്തിനൊപ്പം കോഹ്ലിയും എത്തും.

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലാണ് കങ്കാരുക്കള്‍ക്കെതിരായ മൂന്നാം ഏകദിനം നടക്കുന്നത്. കോഹ്ലിയുടെ നായകത്വത്തില്‍ ഇന്ത്യ 37 ഏകദിന മത്സരങ്ങളാണ് കളിച്ചിട്ടുളളത്. ഇതില്‍ 29 മത്സരങ്ങള്‍ ജയിക്കുകയും ചെയ്തു. ശ്രീലങ്ക പര്യടനം മുതല്‍ ഒരൊറ്റ മത്സരത്തിലും തോല്‍വി നുണയാതെയാണ് ഇന്ത്യയുടെ ജൈത്രയാത്ര. ശ്രീലങ്കയ്ക്കെതിരായ അഞ്ച് മത്സരങ്ങളും ഓസ്ട്രേലിയയ്ക്കെതിരെ രണ്ട് ഏകദിനങ്ങളുമാണ് ഇന്ത്യ തുടര്‍ച്ചയായി ജയിച്ചത്. അതിന് മുമ്പ് വിന്‍ഡിസിനെതിരെയും ജയിച്ചു.

ഞായറാഴ്ച്ച ഇന്‍ഡോറില്‍ ഇന്ത്യ ഓസീസിനെതിരെ ജയിച്ചാല്‍ തുടര്‍ച്ചയായ ഒമ്പതാം ഏകദിന വിജയമാകും ഇത്. അതായത് 2008 ഫെബ്രുവരി മുതല്‍ 2009 ജനുവരി വരെ ധോണിയുടെ കീഴില്‍ ഇന്ത്യ ഒന്നിന് പിറകെ ഒന്നായി ഒമ്പത് മത്സരങ്ങളാണ് ജയിച്ചത്. ഇത് കോഹ്ലിയുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ