മാഞ്ചസ്റ്റര്‍: അതിസാധാരണമായി ഒന്നും സംഭവിച്ചില്ല. ഇടയ്ക്കിടെ സംഭവിക്കുന്നതുപോലെ വീണ്ടും ഒരു റെക്കോര്‍ഡ് കൂടി കോഹ്‌ലി സ്വന്തമാക്കി. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയും ബ്രയാന്‍ ലാറയെയും പിന്തള്ളിയാണ് കോഹ്‌ലി പുതിയ ചരിത്രം കുറിച്ചത്. രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലുമായി അതിവേഗം 20,000 റൺസ് നേടുന്ന കളിക്കാരനെന്ന റെക്കോർഡാണ് കോഹ്‌ലി ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലാണ് കോഹ്ലി ചരിത്ര നേട്ടം കെെവരിച്ചത്.

Read Also: സച്ചിനെയും ലാറയെയും മറികടക്കണം; കോഹ്‌ലിയുടെ റെക്കോര്‍ഡിലേക്കുള്ള ദൂരം 104 റണ്‍സ്!

മത്സരത്തിൽ വ്യക്തിഗത സ്കോർ 37 ൽ എത്തിയപ്പോൾ ആണ് കോഹ്ലി രാജ്യാന്തര ക്രിക്കറ്റിലെ 20,000 റൺസ് കുറിച്ചത്. രാജ്യാന്തര ക്രിക്കറ്റിലെ 417-ാം ഇന്നിങ്സിലാണ് കോഹ്ലി 20,000 റൺസ് എന്ന നേട്ടം കെെവരിച്ചത്. സച്ചിനെയും ലാറയെയും മറികടന്ന് ലോക ക്രിക്കറ്റിൽ ഏറ്റവും വേഗം 20,000 റൺസ് നേടുന്ന താരമായി കോഹ്ലി മാറുകയും ചെയ്തു.

453 മത്സരങ്ങളിൽ നിന്ന് 20000 റൺസ് തികച്ച സച്ചിൻ ടെൻഡുൽക്കറുടെയും ബ്രയാൻ ലാറയുടെയും പേരിലായിരുന്നു ഇതുവരെ ഈ റെക്കോർഡ്. 468 ഇന്നിങ്സുകളിൽ നിന്ന് 20,000 പിന്നിട്ട മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങാണ് രണ്ടാമത്. 224 ഏകദിന ഇന്നിങ്‌സുകളും 131 ടെസ്റ്റ് ഇന്നിങ്‌സുകളും 62 ടി-20 ഇന്നിങ്‌സുകളുമാണ് വിരാട് ആകെ കളിച്ചിട്ടുള്ളത്.

രാജ്യാന്തര ക്രിക്കറ്റിൽ 20,000 റൺസ് നേടുന്ന 12-ാമത്തെ ബാറ്റ്സ്മാനും മൂന്നാമത്തെ ഇന്ത്യൻ കളിക്കാരനുമായി കോഹ്‌ലി മാറും. സച്ചിൻ ടെൻഡുൽക്കർ ((34,357 റൺസ്), രാഹുൽ ദ്രാവിഡ് (24,208 റൺസ്) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു ഇന്ത്യൻ താരങ്ങൾ.

ഏകദിന ക്രിക്കറ്റിൽ 8000 റൺസ് അതിവേഗം തികയ്ക്കുന്ന താരമായ വിരാട് കോഹ്‌ലി പിന്നീട് ഇങ്ങോട്ടുള്ള ഓരോ 1000 റൺസും അതിലും വേഗത്തിൽ തികച്ചു. 8000 റൺസ് തികയ്ക്കാൻ കോഹ്‌ലി എടുത്തത് 175 ഇന്നിങ്സുകളായിരുന്നു. അടുത്ത 47 മത്സരങ്ങളിൽ നിന്നുമാണ് കോഹ്‌ലി 11000 റൺസിലെത്തിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ 276 ഇന്നിങ്സിൽ നിന്നാണ് 11000 റൺസ് തികച്ചത്. മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ് 286 ഇന്നിങ്സിൽ നിന്നും മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി 288 ഇന്നിങ്സുകളിൽ നിന്നും 11000 റൺസ് തികച്ചു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook