സിഡ്‌നി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ബാറ്റിങ് മികവിനെ കുറിച്ച് ആര്‍ക്കും യാതൊരു സംശയവുമുണ്ടാകില്ല. ഇന്ന് വിരാടോളം മികച്ച ബാറ്റ്‌സ്മാന്‍ ലോകത്ത് വേറെയില്ലെന്നതാണ് വാസ്തവം. റെക്കോര്‍ഡുകള്‍ പലതും മറികടന്ന് തന്റെ സമകാലികരെയെല്ലാം ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണ് വിരാട്. പക്ഷെ വിരാട് കോഹ്ലി എന്ന ബൗളറെ എത്ര പേര്‍ക്ക് അറിയാം?

അതെ. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിലായിരുന്നു വിരാട് ബൗളറുടെ കുപ്പായമണിഞ്ഞത്. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനെതിരെയായിരുന്നു സന്നാഹ മത്സരം. രണ്ട് ഓവറാണ് കോഹ്ലി എറിഞ്ഞത്. ആറ് റണ്‍സുമാത്രമേ വിട്ടു കൊടുത്തതുമുള്ളൂ.

പൊതുവെ ഇന്ത്യയ്ക്ക് അത്ര നല്ല ദിവസമായിരുന്നില്ല ഇന്നത്തേത്. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടിയെങ്കിലും അശ്വിനും ഉമേഷും ഓരോ വിക്കറ്റുകള്‍ മാത്രമാണ് നേടിയത്. അതേസമയം, യുവതാരം പൃഥ്വി ഷാ കളിക്കിടെ പരുക്ക് പറ്റി പുറത്ത് പോയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് ഷാ ഉണ്ടാകില്ല.

കളിക്കിടെ ക്യാച്ച് ചെയ്യാന്‍ ശ്രമിച്ച ഷായുടെ ഇടത് കാലിന് പരുക്കേല്‍ക്കുകയായിരുന്നു. ഷായെ ഫിസിയോ ടീം എടുത്തുകൊണ്ടാണ് മൈതാനത്തിന് പുറത്തെത്തിച്ചത്. ഇതോടെ ആദ്യ ടെസ്റ്റില്‍ ഷായ്ക്ക് പകരം ആരെ ഓപ്പണിങ് ഇറക്കുമെന്ന് ആശങ്കയിലാണ് ഇന്ത്യ.

അതേസമയം, മത്സരത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് നേടി. നേരത്തെ ഇന്ത്യ 358 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ഡിസംബര്‍ ആറിനാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ