ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. താരങ്ങള്‍ക്കും ആരാധകര്‍ക്കും ഒരുപോലെ ഞെട്ടലുണ്ടാക്കിയതായിരുന്നു ആ തീരുമാനം. പലരും നിയന്ത്രണം വിട്ടു പോയി. തങ്ങളുടെ പ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്നും നന്ദി പറഞ്ഞും നിരവധി പേരാണ് പിന്നാലെ എത്തിയത്.

ഇപ്പോഴിതാ ഡിവില്ലിയേഴ്‌സിന് ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും രംഗത്തെത്തിയിരിക്കുകയാണ്. ലോക ക്രിക്കറ്റില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരായാണ് ഡിവില്ലിയേഴ്‌സിനേയും വിരാടിനേയും വിശേഷിപ്പിക്കുന്നത്. രണ്ട് പേരിലും ആരാണ് മുമ്പിലെന്നത് ആരാധകര്‍ കാലങ്ങളായി പരസ്‌പരം ചോദിച്ചു കൊണ്ടിരിക്കുന്നതുമാണ്. എന്നാല്‍ വിരാടിനും എബിയ്ക്കും ഇടയില്‍ ആ പോരില്ലെന്ന് മാത്രവുമല്ല രണ്ടു പേരും ഉറ്റ ചങ്ങാതിമാരുമാണ്.

ഐപിഎല്ലില്‍ ബെംഗളൂരുവിന്റെ താരങ്ങളാണ് രണ്ട് പേരും. തനിക്ക് എബി ഡിവില്ലിയേഴ്‌സിനോടുള്ള സൗഹൃദത്തെ കുറിച്ചും ബഹുമാനത്തെ കുറിച്ചുമെല്ലാം വിരാട് പലപ്പോഴും വാചാലനായിട്ടുമുണ്ട്. ആ സ്‌നേഹവും ബഹുമാനവുമെല്ലാം വിരാടിന്റെ സന്ദേശത്തിലും വ്യക്തമായിരുന്നു. ട്വിറ്ററിലൂടെയാണ് വിരാട് എബി ഡിവില്യേഴ്‌സിന് ആശംസകള്‍ നേര്‍ന്നത്.

സഹോദരനെന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു വിരാടിന്റെ ട്വീറ്റ്. തന്റെ കാലത്തെ ബാറ്റിങ് ശൈലിയെ തന്നെ പാടേ മാറ്റിയ താരമാണ് ഡിവില്ലിയേഴ്‌സെന്നും മുന്നോട്ടുള്ള യാത്രയില്‍ താരത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നതായും വിരാട് ട്വീറ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ