ആന്റിഗ്വ: വെസ്റ്റ് ഇൻഡീസിനെതിരെ ആന്റിഗ്വായിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിലെ വിജയത്തോടെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി നയകനെന്ന നിലയിൽ പുതിയ നാഴികകല്ല് പിന്നിട്ടു. ഇന്ത്യക്ക് പുറത്ത് രാജ്യത്തിന് ഏറ്റവും അധികം ടെസ്റ്റ് വിജയങ്ങൾ സമ്മാനിച്ച നായകനെന്ന റെക്കോർഡ് ഇനി കോഹ്‌ലിക്ക് സ്വന്തം. സൗരവ് ഗാംഗുലിയുടെ റെക്കോർഡാണ് വിരാട് കോഹ്‌ലി മറികടന്നത്.

വിദേശമണ്ണിൽ നായകനെന്ന നിലയിൽ വിരാട് കോഹ്‌ലി നേടുന്ന പന്ത്രണ്ടാം ജയമാണിത്. 26 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്‌ലി, 12ലും ജയം സമ്മാനിക്കുകയായിരുന്നു. 28 മത്സരങ്ങളിൽ നിന്ന് 11 ജയം ഇന്ത്യക്ക് സമ്മാനിച്ച സൗരവ് ഗാംഗുലിയുടെ പേരിലായിരുന്ന റെക്കോർഡാണ് വിരാട് കോഹ്‌ലി സ്വന്തം പേരിലേക്ക് തിരുത്തിയെഴുതിയത്.

അതേസമയം ഇന്ത്യക്ക് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ സമ്മാനിച്ച നായകനെന്ന റെക്കോർഡിനൊപ്പമെത്താനും കോഹ്‌ലിക്ക് സാധിച്ചു. മുൻ നായകൻ എം.എസ്.ധോണിയുടെ റെക്കോർഡിനൊപ്പമാണ് കോഹ്‌ലി എത്തിയത്. ഇതുവരെ 47 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്‌ലി 27 ജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 60 മത്സരങ്ങളിൽ നിന്നാണ് ധോണി 27 ജയങ്ങളിലെത്തിയത്.

Read More: കരീബിയൻ ദ്വീപിൽ ആധിപത്യം തുടർന്ന് ഇന്ത്യ; 318 റൺസിന്റെ കൂറ്റൻ വിജയം

2014ലെ ഓസ്ട്രേലിയൻ പര്യടനത്തിനിടയിൽ എം.എസ്.ധോണി അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപനം നടത്തിയതോടെയാണ് സ്ഥിരനായക സ്ഥാനത്തേക്ക് കോഹ്‌ലി എത്തുന്നത്. എം.എസ്.ധോണിയുടെ നേട്ടങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധചെലുത്തിയ കോഹ്‌ലി ഓസ്ട്രേലിയക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും ന്യൂസിലൻഡിനെതിരെയുമെല്ലാം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഓസ്ട്രേലിയയിലെ ആദ്യ പരമ്പര നേട്ടമുൾപ്പടെ. 2018ലാണ് ഇന്ത്യ ആദ്യമായി ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്.

ആന്റിഗ്വായിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ 318 റൺസിനാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ കീഴ്പ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 419 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന്റെ രണ്ടാം ഇന്നിങ്സ് 100 റൺസിൽ അവസാനിച്ചു. ഇന്ത്യൻ പേസ് നിരയ്ക്ക് മുന്നിൽ വിൻഡീസ് പട അതിവേഗം കീഴടങ്ങുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ജസപ്രീത് ബുംറയുടെ പ്രകടനമാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook