മികച്ചൊരു തുടക്കമല്ല ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് ഐപിഎല്ലിൽ കിട്ടിയതെങ്കിലും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മികച്ച ഫോമില്‍ തന്നെയാണ്. ഇതിനൊപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി തന്റെ പേരിലാക്കിയിരിക്കുകയാണ് ദേശീയ ടീം ക്യാപ്റ്റന്‍. ഐപിഎല്ലിലെ അഞ്ച് സീസണുകളിലും 500 റണ്‍സില്‍ കൂടുതല്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തം പേരിലാക്കിയത്.

2011ലെ ഐപിഎല്‍ സീസണിലാണ് അദ്ദേഹം ആദ്യമായി 500 റണ്‍സ് കടന്നത്. അന്ന് 557 റണ്‍സായിരുന്നു ആ സീസണില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. പിന്നാലെ 2013ല്‍ 634 റണ്‍സും അദ്ദേഹം നേടി. 2015ല്‍ റണ്‍വേട്ട 505 ആയിരുന്നു. എന്നാല്‍ 2016ലെ ഐപിഎല്‍ സീസണായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ മികച്ച കുട്ടിക്രിക്കറ്റ് നേട്ടം സമ്മാനിച്ചത്. നാല് സെഞ്ചുറി അടക്കം 973 റണ്‍സായിരുന്നു അദ്ദേഹം അന്ന് ബാംഗ്ലൂരിനായി നേടിയത്. കോഹ്‌ലിക്ക് പിന്നാലെ നാല് 500 റണ്‍സുകളുമായി ഡേവിഡ് വാര്‍ണറാണ് പിന്നാലെ ഉളളത്. സുരേഷ് റെയ്ന (3), ക്രിസ് ഗെയില്‍ (3), ഗൗതം ഗംഭീര്‍ (3), സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (2) എന്നിവരാണ് പിന്നാലെയുളളത്.

12 മൽസരങ്ങളിൽ നിന്നായി ഇതുവരെ കോഹ്‌ലി നേടിയത് 514 റൺസാണ്. ഇനിയും നാല് മൽസരങ്ങൾ ടീമിന് ബാക്കിയുണ്ട്. 582 റൺസുമായി ഋഷഭ് പന്ത് നയിക്കുന്ന പട്ടികയിൽ ആറാം സ്ഥാനത്താണ് കോ‌ഹ്‌‌‌ലി ഉള്ളത്. റൺവേട്ടക്കാരിൽ ഒന്നാമനെങ്കിലും പന്തിന്‍റെ ടീമിന്‍റെയും ഇത്തവണത്തെ അവസ്ഥ ഏറെ പരിതാപകരമാണ്.

നാണക്കേടിലേക്ക് കൂപ്പുകുത്തിയ ഇരു ടീമുകൾക്കും ഇനി പ്രതീക്ഷിക്കാനാവുക നാണക്കേട് ഒഴിവാക്കാനുള്ള ജയങ്ങളും ഒപ്പം ഈ രണ്ട് ബാറ്റ്സ്മാൻമാരുടെ മിന്നും പ്രകടനങ്ങളുമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ