ഓരോ മത്സരങ്ങൾ കഴിയുന്തോറും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പുതിയ റെക്കോർഡുകൾ സ്വന്തം പേരിൽ എഴുതി ചേർക്കുകയാണ്. വിശാഖപട്ടണത്ത് ഡോ.വൈ.എസ്.രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ആദ്യ ടി ട്വന്റി മത്സരത്തിൽ കോഹ്‌ലി സ്വന്തമാക്കിയത് ലോക റെക്കോർഡാണ്. ടി 20 യിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാൻ എന്ന റെക്കോർഡാണ് കോഹ്‌ലി നേടിയത്.

ഓസ്ട്രേലിയക്കെതിരായ ആദ്യ ടി 20 യിൽ 24 റൺസ് നേടിയാണ് കോഹ്‌ലി റെക്കോർഡിട്ടത്. ടി 20 യിൽ ഒരു ടീമിനെതിരെ 500 റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് കോഹ്‌ലിക്ക് ലഭിച്ചത്. ഓസ്ട്രേലിയക്കെതിരായ ടി 20 മത്സരങ്ങളിൽനിന്നായി 512 റൺസാണ് ഇപ്പോൾ കോഹ്‌ലിക്കുളളത്. 15 മത്സരങ്ങളിൽനിന്നാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്. ഇതിൽ അഞ്ചു സെഞ്ചുറികളുമുണ്ട്.

ന്യൂസിലൻഡ് ബാറ്റ്സ്മാൻ മാർട്ടിൻ ഗുപ്റ്റിലാണ് രണ്ടാം സ്ഥാനത്ത്. പാക്കിസ്ഥാനെതിരെ 463 റൺസാണ് ഗുപ്റ്റിൽ നേടിയത്. അയർലൻഡ് താരം പോൾ സ്റ്റിർലിങ് ആണ് മൂന്നാം സ്ഥാനത്ത്. അഫ്ഗാനിസ്ഥാനെതിരെ 461 റൺസാണ് സ്റ്റിർലിങ് അടിച്ചു കൂട്ടിയത്. അയർലൻഡിനെതിരെ 436 റൺസ് എടുത്ത അഫ്ഗാൻ താരം മുഹമ്മദ് ഷഹ്സാദ് ആണ് നാലാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരെ 425 റൺസ് നേടിയ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ആരോൺ ഫിഞ്ച് ആണ് അഞ്ചാം സ്ഥാനത്ത്.

ടി 20 യിൽ ലോക റെക്കോർഡ് നേടിയെങ്കിലും സമീപ കാലത്തെ ടി 20 മത്സരങ്ങളിലെ കോഹ്‌ലിയുടെ പെർഫോം നിരാശപ്പെടുത്തുന്നതാണ്. നവംബറിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ടി 20 പരമ്പരയിൽ 65 റൺസാണ് കോഹ്‌ലി നേടിയത്. കഴിർ വർഷം നടന്ന 9 മത്സരങ്ങളിൽനിന്നായി കോഹ്‌ലി നേടിയത് 211 റൺസാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook