ദുബായ്: ഐസിസിയുടെ വ്യക്തിഗത പുരസ്‌കാരങ്ങളിലെ ആധിപത്യം ടീമുകളിലും ആവര്‍ത്തിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഐസിസിയുടെ പോയ വര്‍ഷത്തെ ടെസ്റ്റ്-ഏകദിന ടീമുകളുടെ നായകനായി കോഹ്ലിയെ തിരഞ്ഞെടുത്തു. 2018 ലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ടീമുകളെ തിരഞ്ഞെടുത്തത്.

ഏകദിന ടീമില്‍ ഇന്ത്യന്‍ താരങ്ങളും ഇംഗ്ലീഷ് താരങ്ങളുടേയും ആധിപത്യമാണ് കണ്ടത്. രണ്ട് ടീമുകളില്‍ നിന്നും നാല് പേരാണ് ടീമിലുള്ളത്. ടെസ്റ്റ് ടീമിലില്‍ ഇന്ത്യയും ന്യൂസിലാന്റുമാണ് കരുത്ത് കാണിച്ചത്. ഇന്ത്യയില്‍ നിന്നും ന്യൂസിലാന്റില്‍ നിന്നും മൂന്ന് പേര്‍ ടെസ്റ്റ് ടീമില്‍ ഇടം നേടി.

കഴിഞ്ഞ വര്‍ഷം 13 ടെസ്റ്റുകളില്‍ നിന്നുമായി 1322 റണ്‍സാണ് വിരാട് നേടിയത്. 55.08 ആണ് ആവറേജ്. അഞ്ച് സെഞ്ചുറിയും നേടി. 14 ഏകദിനം കളിച്ചപ്പോള്‍ 1202 റണ്‍സ് നേടിയ കോഹ്ലി ആറ് സെഞ്ചുറിയും നേടി. 133.55 ആവറേജുണ്ട് കോഹ്ലിക്ക്. 10 ട്വന്റി-20യില്‍ നിന്നും 211 റണ്‍സും നേടി.

ടെസ്റ്റ്-ഏകദിന ബാറ്റ്‌സ്മാന്മാരുടെ റാങ്കിങിലും ഒന്നാമത് കോഹ്ലിയാണ്. ടെസ്റ്റില്‍ 1000 ല്‍ പരം റണ്‍സ് നേടിയ രണ്ട് താരങ്ങളിലൊരാളും ഏകദിനത്തില്‍ 1000 ല്‍ പരം റണ്‍സ് നേടിയ മൂന്ന് താരങ്ങളിലൊരാളുമാണ് കോഹ്ലി.

ടെസ്റ്റ് ടീമിലുള്ള മറ്റ് രണ്ട് താരങ്ങളിലൊരാള്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നായിരുന്നു ബുംറയ്ക്ക് 2018. ടെസ്റ്റില്‍ അരങ്ങേറി അധികമാകും മുമ്പു തന്നെ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ബുംറ. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്താണ്. അപ്രതീക്ഷിതമായാണ് പന്ത് ടീമിലിടം നേടിയത്. അതേസമയം, ഇന്ത്യയുടെ രണ്ടാം വന്‍മതില്‍ ചേതേശ്വര്‍ പൂജാര ടീമിലിടം നേടിയില്ല.

കിവീസ് താരം ടോം ലാഥവും ശ്രീലങ്കയുടെ ദിമുത്ത് കരുണരത്‌നയുമാണ് ഓപ്പണര്‍മാര്‍. കിവികളുടെ നായകന്‍ കെയിന്‍ വില്യംസണ്‍ മൂന്നാം സ്ഥാനത്തും കോഹ്ലി നാലാം സ്ഥാനത്തുമാണ്. വിന്‍ഡീസ് താരം ജെയ്‌സന്‍ ഹോള്‍ഡറും ഓസീസ് സ്പിന്‍ മാന്ത്രികന്‍ നഥാന്‍ ലിയോണും ടീമിലിടം നേടിയിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നും മുഹമ്മദ് അബ്ബാസും ദക്ഷിണാഫ്രിക്കയില്‍ നിന്നും കഗിസോ റബാഡയും ടീമിലെത്തി.

ഏകദിന ടീമില്‍ നാല് ഇന്ത്യന്‍ താരങ്ങളാണുള്ളത്. കോഹ്ലിക്ക് പുറമെ രോഹിത് ശര്‍മ്മ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലിടം നേടിയത്. ബംഗ്ലാദേശിന്റെ മുസ്തഫിസൂര്‍ റഹ്മാനും അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനും ടീമിന്റെ ഭാഗമായി. കിവീസ് താരം റോസ് ടെയ്‌ലര്‍ ടീമിലെത്തിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ