എം.എസ്.ധോണി ഇന്ത്യയുടെ നായകസ്ഥാനം ഒഴിയുമ്പോൾ ആരാകണം പുതിയ ക്യാപ്റ്റനെന്ന കാര്യത്തിൽ ഇന്ത്യൻ മാനേജ്‌മെന്റിനും സെലക്ടർമാർക്കും യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ഇന്ത്യക്ക് അണ്ടർ 19 ലോകകപ്പ് നേടിക്കൊടുത്ത, സീനിയർ ടീമിൽ മിന്നും പ്രകടനം പുറത്തെടുത്ത വിരാട് കോഹ്‌ലി, അദ്ദേഹത്തെ തന്നെ ആ ചുമതല ഏൽപ്പിക്കാൻ ഇന്ത്യൻ ടീം തീരുമാനിച്ചു. ഓസ്ട്രേലിയൻ പര്യടനത്തിനിടയ്ക്കു വച്ച് ധോണി മടങ്ങിയപ്പോൾ അവിടുന്നു ടീമിനെ ഏറ്റെടുത്തു മുന്നോട്ടുതന്നെ നയിച്ചു വിരാട് കോഹ്‌ലി.
തന്റെ ഉത്തരവാദിത്വം എന്താണെന്നു വ്യക്തമായ ബോധ്യമുണ്ടായിരുന്ന കോഹ്‌ലി അതു ഭംഗിയായി നിർവഹിക്കുകയാണ്. ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനം കാലങ്ങളായി നിലർത്തി പോരുന്നു. നേരത്തെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയം സ്വന്തമാക്കുന്ന ഇന്ത്യൻ നായകനെന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയ കോഹ്‌ലി ഇപ്പോൾ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുന്ന രണ്ടാമത്തെ നായകനായും മാറി.
ദക്ഷിണാഫ്രിക്കക്കെതിരെ തന്റെ 50-ാം ടെസ്റ്റ് മത്സരമാണ് നായകനെന്ന നിലയിൽ കോഹ്‌ലി കളിക്കുന്നത്. 29 മത്സരങ്ങളിൽ കോഹ്‌ലി ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു. 60 കളികളിൽ ഇന്ത്യയെ നയിച്ച എം.എസ്.ധോണിയാണ് പട്ടികയിൽ മുന്നിൽ. ധോണി 60 കളികളില്‍ നിന്ന് 27 വിജയങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ചു. മൂന്നാം സ്ഥാനത്ത് സൗരവ് ഗാംഗുലിയാണ്. 49 മത്സരങ്ങളില്‍ നിന്ന് 21 ടെസ്റ്റ് മത്സരങ്ങളിലാണ് ഗാംഗുലി ഇന്ത്യയെ വിജയ തീരത്തെത്തിച്ചത്.
ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിപ്പിച്ച നായകന്മാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് കോഹ്‌ലി. 36 മത്സരങ്ങളിൽ ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ച സ്റ്റീവ് വോയും 34 മത്സരങ്ങളിൽ ടീമിനെ വിജയിപ്പിച്ച റിക്കി പോണ്ടിങ്ങുമാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്ത്.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. ആദ്യ ടെസ്റ്റിൽ ഇന്ത്യ 203 റൺസിന്റെ വമ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്നു മത്സരങ്ങൾ അടങ്ങുന്നതാണ് ടെസ്റ്റ് പരമ്പര.