ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ സച്ചിനുള്ളതാണെന്ന് പറഞ്ഞ പഠിപ്പിച്ചവരെ കൊണ്ട് അത് മാറ്റിപ്പറയിപ്പിക്കുകയാണ് വിരാട് കോഹ്‌ലി. ക്രിക്കറ്റിലെ റെക്കോര്‍ഡുകള്‍ കോഹ്‌ലിയ്ക്ക് തിരുത്താനുള്ളതാണെന്നാണ് പുതിയ പ്രയോഗം. വിന്‍ഡീസിനെതിരെയായ ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ സെഞ്ചുറി നേടിയ നായകന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

തന്റെ 43-ാം ഏകദിന സെഞ്ചുറിയാണ് കോഹ്‌ലി ഇന്നലെ നേടിയത്. ഇതോടെ ഇന്ത്യ ആറ് വിക്കറ്റിന് കളി ജയിച്ചു. പരമ്പര 2-0 നാണ് ഇന്ത്യ സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ഈ പ്രകടനത്തിലൂടെ ഇന്ത്യന്‍ നായകന്‍ ചരിത്രത്തില്‍ ഒരു ബാറ്റ്‌സ്മാനും നേടാത്തൊരു നേട്ടമാണ് സ്വന്തം പേരിലാക്കിയത്.

പത്ത് വര്‍ഷത്തിനിടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്. ഒരു ദശാബ്ദത്തില്‍ 20000 റണ്‍സ് നേടുന്ന ആദ്യ താരമായി മാറിയ വിരാട് പിന്നിലാക്കിയത് ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്ങിനെയാണ്. പോണ്ടിങ്ങിന്റെ പേരില്‍ 18962 റണ്‍സാണുള്ളത്. കോഹ് ലിയ്ക്ക് മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും 20502 റണ്‍സാണുള്ളത്. ഇതില്‍ 20018 റണ്‍സ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നേടിയതാണ്.

2000-2010 കാലഘട്ടത്തിലായിരുന്നു പോണ്ടിങ്ങിന്റെ നേട്ടം. മൂന്നാമതുള്ളത് ജാക്വസ് കാലിസ്. ദക്ഷിണാഫ്രിക്കന്‍ താരം നേടിയത് 16777 റണ്‍സാണ്. പിന്നിലായി ജയവര്‍ധനയും കുമാര്‍ സംഗക്കാരയുമാണ്. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ആറാമതാണുള്ളത്. 2000 ങ്ങളില്‍ സച്ചിന്‍ 15962 റണ്‍സ് നേടിയിട്ടുണ്ട്.

പുറത്താകാതെ 114 റണ്‍സാണ് കോഹ്‌ലി ഇന്നലെ നേടിയത്. കോഹ്ലിയുടെ 97-ാമത്തെ 50 പ്ലസ് സ്‌കോറാണിത്. ഈ നേട്ടത്തില്‍ അഞ്ചാമതാണ് കോഹ്‌ലി.

Read Here: ഓ മാന്‍, ആ ഷോട്ട് എനിക്ക് കളിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍: കോഹ്‌ലിയുടെ അത്ഭുത ഷോട്ട്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook