/indian-express-malayalam/media/media_files/uploads/2022/10/india-pakistan.jpg)
വിരാട് കോഹ്‌ലിയുടെ മാസ്മരിക ഇന്നിങ്സിന് ശേഷം ഓൾ റൗണ്ടർ രവിചന്ദ്രൻ അശ്വിനാണ് ഇപ്പോൾ എല്ലാവരുടെയും സംസാര വിഷയം. ഞായറാഴ്ച നടന്ന പാക്കിസ്ഥാനെതിരെയുള്ള ലോകകപ്പ് ടി20 മത്സരത്തിൽ വിരാട് 82 റൺസ് നേടിയപ്പോൾ വിജയ റൺസ് നേടിയത് അശ്വിനായിരുന്നു.
ഇങ്ങനെയൊരു മത്സരത്തിൽ പങ്കുചേരാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്ന് അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറയുന്നു. സമ്മർദ്ദം നിറഞ്ഞ സമയത്ത് പിച്ചിൽ നിന്നപ്പോൾ എന്താണ് തോന്നിയത്, വിരാട് കോഹ്ലി എന്താണ് പറഞ്ഞു തന്നത്, ഡ്രസിങ് റൂമിലെ അവസ്ഥയെന്തായിരുന്നു എന്നതിനെ കുറിച്ചെല്ലാം അശ്വിൻ സംസാരിച്ചു.
ഗ്രൗണ്ടിലെ കാലാവസ്ഥ
നല്ല തണുപ്പായിരുന്നു. ഒരു ക്രിക്കറ്റ് മത്സരത്തെ സംബന്ധിച്ച് ഏറ്റവും തണുപ്പുള്ള ദിവസം. കളിക്കിടയിൽ പോലും കൈകൾ മരവിച്ചിരുന്നു. ഒരു സ്പിന്നറെന്ന നിലയിൽ പന്തിൽ ഗ്രിപ് കിട്ടാൻ ബുദ്ധിമുട്ടി. ആ തണുത്ത കാലാവസ്ഥയുമായി യോജിച്ചുവരാൻ കുറച്ച് സമയമെടുത്തു. വളരെ നേരത്തെ തന്നെ പന്ത് തിരിയാൻ തുടങ്ങിയിരുന്നു, എന്നാലും ടീമിന്റെ ബാറ്റിങ്ങിലെ കരുത്തിനാൽ 160 റൺസ് അനായാസമായി നേടാൻ കഴിയുമെന്ന് തോന്നി.
ഹാരിസ് റൗഫും പാക് ടീമും
മികച്ചരീതിയിൽ തന്നെ ഹാരിസ് റൗഫ് പന്തെറിഞ്ഞു. ഏറ്റവു൦ മികച്ച ഒരു ടീം തന്നെയാണ് പാക്കിസ്ഥാനുള്ളത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ അവരുമായി ഏറ്റുമുട്ടിയതുപോലെ തന്നെ അവർ കൂടുതൽ കരുത്തരായി മാറിയിരുന്നു. മികച്ച നിലവാരത്തിൽ അവർ കളിക്കുന്നുണ്ട്. എതിരാളികളും ഒരേപോലെ ശക്തരായാൽ മാത്രമേ ഇതുപോലൊരു ഇതിഹാസതുല്യമായ മത്സരം നടക്കൂ.
ബാറ്റിങ്ങിനിറങ്ങിയപ്പോഴുള്ള ചിന്തകൾ
പത്താം ഓവറായപ്പോൾ 45/4 എന്ന നിലയിലായിരുന്നു. മൂന്നാമത്തെ ഓവറായപ്പോൾ തന്നെ ഞാൻ പാഡ് ചെയ്തിരുന്നു. വിക്കറ്റുകൾ പോയാൽ പവർപ്ലേയിൽ ഇറങ്ങി ശക്തമായി കളിക്കാൻ വേണ്ടി മൂന്നാമത്തെ ഓവർ മുതൽ പാഡ് ചെയ്ത് തയ്യാറായിരുന്നു. ‘ഈ കളിയെങ്ങോട്ടാണ് പോകുന്നത്, എന്താണ് എല്ലാരും പറയുക’ ഇങ്ങനെനുള്ള ചിന്തകളായിരുന്നു ആ സമയത്ത്. കളി 45/4 എന്ന നിലയിലായതു മുതൽ ഇനി വിരാട് കോഹ്ലിയും ഹാർദിക് പാണ്ഡ്യയും 60 റൺസ് വീതം നേടിയാലേ നമുക്ക് ജയിക്കാൻ സാധിക്കൂവെന്ന് തോന്നിയിരുന്നു. സാഹചര്യം ആവശ്യപ്പെട്ടാൽ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ച് ടീമിനെ ജയത്തിലേക്ക് കൊണ്ടെത്തിക്കാൻ പറ്റുമെന്ന് ചിന്തിച്ചിരുന്നു.
ഡ്രസിങ് റൂമിലെ അന്തരീക്ഷം
രാഹുൽ ദ്രാവിഡ് എന്റെ മുന്നിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ഇരുന്നിടത്ത് നിന്ന് ഒരു ഇഞ്ച് പോലും അനങ്ങിയില്ല. ദിനേശ് കാർത്തിക്കും പാഡ് ചെയ്ത് തയാറായിരുന്നു. തണുപ്പിനെ തടയാൻ വേണ്ടി ഞങ്ങൾ രണ്ടും എംസിജിയിലെ ഹാള്‍വേയില്‍ ഓടിക്കൊണ്ടിരുന്നു.
വിരാട് കോഹ്ലി എന്താണ് പിച്ചിൽ പറഞ്ഞത്
വിരാട് കോഹ്‌ലിയെ കുറിച്ച് പറയുകയാണെങ്കിൽ, അന്ന് അയാളുടെ ശരീരത്തിൽ എന്തോ ശക്തി കേറിയതുപോലെയാണ് എനിക്ക് തോന്നിയത്. എന്തായിരുന്നു ആ ബാറ്റിങ്! ഞാൻ ബാറ്റിങ്ങിന് എത്തിയപ്പോൾ ഒരു ബോളിൽ നിന്ന് രണ്ട് റൺസ് വേണമായിരുന്നു. വിരാട് വളരെ ഉന്മേഷത്തോടെ എന്നോട് ആ റൺസ് നേടാൻ പറഞ്ഞു.
ദിനേശ് കാർത്തിക്കിനെ ശപിച്ചു
ബാറ്റിങ്ങിനായി നടന്ന വഴിയിൽ ഞാൻ ദിനേശ് കാർത്തിക്കിനെ ശപിക്കുകയായിരുന്നു. പക്ഷെ “ഇല്ല, നമുക്ക് ഇനിയും സമയമുണ്ട്, നമുക്ക് ഇത് വിജയിക്കാൻ പറ്റും’’ എന്ന് പിന്നീട് ഞാൻ ചിന്തിച്ചു.
പിച്ചിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്നപ്പോൾ
പിച്ചിലേക്കെത്താൻ കാലങ്ങളെടുത്തുവെന്ന് തോന്നിപ്പോയി. അപ്പോൾ ഞാൻ വിരാട് കോഹ്‌ലിയെ കണ്ടു, അയാൾ എനിക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നു. എന്നാൽ അയാളെ കണ്ട ശേഷം ഞാൻ ഒരു കാര്യം മാത്രമേ ചിന്തിച്ചുള്ളൂ, “ദൈവം ഇന്നയാൾക്ക് ഒരുപാട് നൽകി. അപ്പോൾ എങ്ങനെയാണ് ദൈവം എന്നെ കൈവിടുക? അതുകൊണ്ട് അയാൾക്കുവേണ്ടിയെങ്കിലും ദൈവം എന്നെ ഈ റൺസ് എടുക്കാൻ സഹായിക്കില്ലേ? ഒഴിഞ്ഞ സ്ഥലം നോക്കി ബോൾ അടിച്ചുവിട്ട് എന്നതായിരുന്നു ഞാൻ ചിന്തിച്ചിരുന്നത്.
/indian-express-malayalam/media/media_files/uploads/2022/10/india-pakistan1.jpg)
വൈഡ് ബോൾ വിട്ടപ്പോൾ
ബോൾ ലെഗ് സൈഡിലേക്ക് പോകുന്നത് കണ്ടപ്പോൾ തന്നെ അതിന്മേൽ ഒന്നും ചെയ്യാതെ വിട്ടുകളയാൻ തീരുമാനിച്ചു. അതുകൊണ്ട് തന്നെ വൈഡിലൂടെ ഒരു റൺ കിട്ടി. ആ റൺ നേടിയപ്പോൾ തന്നെ ഞാൻ വളരെ ശാന്തനായി. എനിക്ക് സന്തോഷമായി. ഇനിയാരും എന്റെ വീടിന് കല്ലെറിയില്ലല്ലോ! അവസാന ബോൾ ഉയര്‍ത്തിയടിച്ചാൽ നല്ലതായിരിക്കുമെന്ന് തോന്നി.
വിജയ നിമിഷം
കോഹ്‌ലിയെ ദൈവം ഹാരിസ് റൗഫിന്റെ ബോളുകൾ ബാക്ക്‌ഫുട്ടിൽ അയാളുടെ തലയ്ക്കുമുകളിലൂടെയും സ്ക്വയർ ലെഗ്ഗിലേക്ക് ഫ്ലിക്കിലൂടെയും സിക്സ് അടിക്കാൻ സഹായിച്ചു. അതുപോലെ എന്നെയും ഇൻഫീൽഡിന് മുകളിലൂടെ ഒഴിഞ്ഞ സ്ഥലത്തേക്ക് ഒരു ബോൾ ഉയർത്തിയടിക്കാൻ ദൈവം സഹായിക്കില്ലേയെന്ന് ചിന്തിച്ചു. ഒടുവിൽ, ദൈവം എന്നെ രക്ഷിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us