മുംബൈ: ഇന്ത്യയുടെ മൽസരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലേക്ക് വരണമെന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രിയുടെ വാക്കുകള്‍ക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ആയിരുന്നു ആരാധകരോട് ഫുട്‌ബോളിനെ പിന്തുണയ്ക്കാന്‍ വിരാട് ആവശ്യപ്പെട്ടത്.

‘എന്റെ അടുത്ത സുഹൃത്തും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനുമായ സുനില്‍ ഛേത്രിയുടെ വാക്കുകള്‍ക്കുള്ള പിന്തുണ എന്ന നിലയില്‍, എല്ലാവരും ഇന്ത്യയുടെ മൽസരങ്ങള്‍ കാണാന്‍ പോകണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. സ്‌പോർട്സിനെ സ്‌നേഹിക്കുന്നവര്‍ സ്‌റ്റേഡിയത്തിലെത്തി അവരെ പിന്തുണയ്ക്കണം. കാരണം അവര്‍ നന്നായി അധ്വാനിക്കുന്നുണ്ട്, കഴിവുള്ളവരാണ്. അവരുടെ വളര്‍ച്ച ഞാന്‍ കണ്ടതാണ്. കഴിഞ്ഞ രണ്ട് മൂന്ന് സീസണായി അവര്‍ ഒരുപാട് മുന്നേറിയിട്ടുണ്ട്,’ വിരാട് പറയുന്നു.

രാജ്യത്തെ കായിക സംസ്‌കാരത്തിന് നിങ്ങളാല്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സംഭാവനയാകും അതെന്നും കായികത്തിന് പ്രധാന്യമുള്ള രാജ്യമെന്നത് ഏറെ അഭിമാനം നല്‍കുന്നതായിരിക്കുമെന്നും വിരാട് പറയുന്നു. ഒരുപക്ഷെ നിങ്ങളുടെ കുട്ടികള്‍ കായിക താരങ്ങളായി മാറാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ അവര്‍ക്കും ഇതുപോലെ പിന്തുണ ആവശ്യമായി വരുമെന്നും വിരാട് പറഞ്ഞു.

രാജ്യത്തിന്റെ നേട്ടങ്ങള്‍ക്കായി എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ആരാധകരുടെ പിന്തുണ താരങ്ങള്‍ക്ക് വലിയ പ്രചോദനമായിരിക്കുമെന്നും വിരാട് പറഞ്ഞു. ഇന്നലെ ചൈനീസ് തായ്‌പേയ്‌ക്കെതിരായ മൽസരത്തിന് ശേഷമായിരുന്നു ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി ആരാധകരോട് അഭ്യര്‍ഥന നടത്തിയത്.

‘ഞങ്ങളെ വിമര്‍ശിച്ചോളൂ, കളിയാക്കിക്കോളൂ, പക്ഷെ ദയവ് ചെയ്ത് ഞങ്ങളുടെ കളി കാണാന്‍ സ്റ്റേഡിയത്തിലെത്തണം,’ എന്നായിരുന്നു ഛേത്രി പറഞ്ഞത്. രാജ്യം ഫുട്‌ബോള്‍ മൈതാനത്ത് നേട്ടങ്ങള്‍ കൊയ്യുമ്പോഴും ഗ്യാലറിയോട് അകലം പാലിക്കുന്ന ആരാധകരോടാണ് ഛേത്രി സംസാരിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടിയാണ് തങ്ങള്‍ കളിക്കുന്നതെന്നും അത് കാണാന്‍ എല്ലാവരും സ്‌റ്റേഡിയത്തിലെത്തണമെന്നും നായകന്‍ പറഞ്ഞു. സ്വന്തം നാട്ടില്‍ നടക്കുന്ന സുപ്രധാന ടൂര്‍ണമെന്റില്‍ പോലും കളി കാണാനെത്താത്ത ആരാധകരോട് അഭ്യര്‍ഥിക്കുകയായിരുന്നു ഛേത്രി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ