ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. നേരിട്ട ആദ്യ പന്തിൽ തന്നെ ശിഖർ ധവാൻ മടങ്ങിയതിന് പിന്നാലെ രോഹിത്തും കോഹ്‌ലിയും ക്രീസിൽ നിലയുറപ്പിച്ചത് ഇന്ത്യൻ ചെയ്സിങ്ങിനെ ഏറെ സഹായിച്ചിരുന്നു. നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇതിന് മുമ്പും ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിട്ടുള്ള രോഹിത് ശർമ്മ ഇത്തവണ ഞെട്ടിച്ചത് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെയാണ്.
മത്സരത്തിൽ രോഹിത്തിന്റെ സ്കൂപ്പ് ഷോട്ടാണ് കോഹ്‌ലിയെ അമ്പരപ്പിച്ചത്. ഇന്ത്യൻ ഇന്നിങ്സിന്റെ ഒമ്പതാം ഓവറിലാണ് സംഭവം. ഓസീസ് പേസര്‍ ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിനെതിരെയാണ് രോഹിത് ഷോട്ട് പായിച്ചത്. രോഹിത്തിന്റെ സ്കൂപ്പിൽ പന്ത് ഫൈൻ ലെഗ് ബൗണ്ടറിയിലെത്തി. നേരത്തെ ആദ്യ ടി20യിൽ രോഹിത് ഇതേ ഷോട്ട് പരീക്ഷിച്ചിരുന്നെങ്കിലും അന്ന് പരാജയപ്പെടുകയായിരുന്നു. രോഹിത്തിന്റെ ഷോട്ടിൽ അമ്പരന്ന് കോഹ്‌ലി ചിരിയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം.
#SundayFunday#INDvAUS short of the match ,,, @ImRo45
— Ritika Sajdeh ™ (@ImRitika45) March 3, 2019
ആറ് വിക്കറ്റിനാണ് ഇന്ത്യ ശനിയാഴ്ച സന്ദർശകരെ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയ ഉയർത്തിയ 237 റൺസെന്ന വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി പത്ത് പന്ത് ബാക്കി നിൽക്കെ മറികടന്നു. അർധ സെഞ്ചുറി നേടിയ കേദാർ ജാദവിന്റെയും മഹേന്ദ്ര സിങ് ധോണിയുടെയും ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയതീരം തൊട്ടത്. 87 പന്തിൽ നിന്ന് 81 റൺസാണ് കേദാർ ജാദവിന്റെ സമ്പാദ്യം. ധോണി 72 പന്തിൽ നിന്നും 59 റൺസും സ്വന്തമാക്കി.